നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കകാലം മുതൽ അതിജീവിതയ്ക്ക് പിന്തുണയുമായി മുന്നിലുള്ള താര‌ങ്ങളിലൊരാളാണ് നടി പാർവതി തിരുവോത്ത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് ശബ്ദം ഉയർത്തിയയാളുമാണ് പാർവതി. അതിജീവിതയ്ക്കുവേണ്ടി സംസാരിക്കുന്നതിന്റെ പേരിൽ തന്നെ വിമർശിച്ച് ഒരു സ്ത്രീ അയച്ച സന്ദേശവും അതിനുള്ള മറുപടിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാർവതി ഇപ്പോൾ.

പ്രിയ പാർവതി, നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ആമുഖത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്. അതിക്രമത്തിനിരയായ നടിക്കൊപ്പമാണോ നിങ്ങൾ നിൽക്കുന്നത്? എങ്കിൽ ഈ വിഷയം ഇപ്പോൾ വിട്ട് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് സന്ദേശത്തിലുണ്ട്. നമുക്കു ചുറ്റുമുള്ള ചിലർ വലിയ ട്രോമകളെ അതിജീവിക്കുകയും ജീവൻ പോലും നഷ്ടമായവരുമാണെന്നും അവർക്കുവേണ്ടി താങ്കൾ ശബ്ദമുയർത്തുന്നത് കണ്ടിട്ടില്ലെന്നും സന്ദേശത്തിലുണ്ട്. ഇത്തരത്തിലാണ് കാണുന്നതെങ്കിൽ അതിൽ നിഷ്പക്ഷതയില്ലെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

എന്നാൽ, ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

‘’ഈ വിഷയം വിടണമെന്നോ? കഴിയില്ല

എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നോ?

എനിക്ക് ഇഷ്ടമുള്ളതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും.

മറ്റൊരാളുടെ ട്രോമയെ ചെറുതോ വലുതോ എന്ന് താരതമ്യം ചെയ്ത് നിസ്സാരമാക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ണാടിയിൽ നോക്കി സ്വയംചോദിക്കാൻ നിങ്ങൾക്ക് നിർദേശിക്കട്ടെ?’’-എന്നാണ് പാർവതി മറുപടിയായി കുറിച്ചത്.

ഈ സന്ദേശം ഒരു സ്ത്രീ അയച്ചതാണെന്നും അവരുടെ വ്യക്തിത്വം താൻ സംരക്ഷിക്കുമെന്നും അതുമാത്രമാണ് ഈ വിഷയത്തിൽ നൽകാവുന്ന നീതിയെന്നും പാർവതി കുറിച്ചു.

മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് വിധി പുറത്തുവന്നതിനുപിന്നാലെ പാര്‍വതി തിരുവോത്ത് കുറിച്ചത്.