പാരസെറ്റമോൾ എന്ന ടാബ്ലെറ്റ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ എത്രപേരുണ്ടാകും? പനിയോ തലവേദനയോ വന്നുകഴിഞ്ഞാൽ ഒരു പാരസെറ്റമോൾ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്ന വിശ്വാസം ലോകജനതയെ പിടികൂടിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പെയിൻ കില്ലറാണ് പാരസെറ്റമോൾ. കോവിഡിനുശേഷം, ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വേദനസംഹാരികളിലൊന്നായി പരാമര്‍ശിക്കപ്പെടുന്നത് പാരസെറ്റമോള്‍ ആണ്.
പാരസെറ്റമോള്‍ കരളിനെ ദോഷകരമായി ബാധിക്കാമെന്നും ഇത് കരള്‍ നാശത്തിലേക്ക് വരെ എത്താമെന്നും എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നു.യുകെയില്‍ കരള്‍ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നതാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിലയിരുത്തുന്നു.
24 മണിക്കൂറില്‍ എട്ട് ഗുളികകളില്‍ കൂടുതല്‍ കഴിക്കരുതെന്ന് പാന്‍ മെട്രോ ഹോസ്പിറ്റല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡറോളജി ചെയര്മാന് ഡോ. ഹാര്‍ഷ് കപൂര്‍ പറയുന്നു. അമേരിക്കയിലും ലണ്ടനിലും കരള്‍ തകരാറിലാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് പാരസെറ്റമോള്‍ വിഷബാധയാണെന്ന് ഗ്യാസ്ട്രോഎന്ഡറോളജിസ്റ്റ് ഡോ. ശിവ് കുമാര്‍ സരിന് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന, മനുഷ്യ ശരീരത്തിലെ ഒരു നിര്‍ണായക അവയവമാണ് കരള്‍. ആഹാരം ദഹിപ്പിക്കുക, വിഷാംശം പുറന്തള്ളുക, ആരോഗ്യകരമായ രക്തചംക്രമണം ഉറപ്പാക്കുക തുടങ്ങി മിക്ക ശാരീരിക പ്രവര്‍ത്തനങ്ങളിലും കരള്‍ പ്രധാനപങ്ക് വഹിക്കുന്നു. ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ കരളാണ് ശരീരത്തിന്റെ അധിപന് എന്ന് ഡോ. ശിവ് പറയുന്നു.
ശരിയായി കൃത്യമായ ഡോസില്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ദോഷകരമല്ല. സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും കരള്‍ അപകടസാധ്യത കുറയ്ക്കുന്നതിനും അതിന്റെ ഹെപ്പറ്റോടോക്സിക് ഫലങ്ങളെക്കുറിച്ചുള്ള അവബോധം നിര്‍ണായകമാണ്.