നേതാക്കളുടെ കിടപ്പുമുറിയിൽ പ്രവേശിക്കാതെ 90 ശതമാനം സ്ത്രീകൾക്കും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാകില്ലെന്ന ബിഹാർ എംപി പപ്പു യാദവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ അദ്ദേഹം ഈ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പാസാകാതെ പോയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവന.

ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും ബഹുമാനിക്കപ്പെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പപ്പു യാദവ് തന്റെ വിവാദ പ്രസ്താവന നടത്തിയത്. ‘ആരാണ് ഗാർഹിക പീഡനം നടത്തുന്നത്? നേതാക്കളാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. ഒരു നേതാവിന്റെ മുറിയിൽ കയറാതെ, 90 ശതമാനം സ്ത്രീകൾക്കും രാഷ്ട്രീയം ചെയ്യാൻ കഴിയില്ല’, അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേതാക്കളുടെ ആക്ഷേപകരമായ സിസിടിവി ദൃശ്യങ്ങൾ ദിവസവും പുറത്തുവരുന്നുണ്ടെന്നും, സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച പാർലമെന്റിൽ സംസാരിക്കുമ്പോഴും സ്ത്രീകൾ രാജ്യത്ത് ബഹുമാനിക്കപ്പെടുന്നില്ലെന്ന് പപ്പു യാദവ് പറഞ്ഞിരുന്നു. ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ്, സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്നുവരെ ഈ രാജ്യത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയിൽ സ്ത്രീകളെ ദേവിമാരായി പൂജിക്കുന്നുണ്ടെങ്കിലും ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്നും, സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

പപ്പു യാദവിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ശക്തമായി രംഗത്തെത്തി. സ്വന്തം അധ്വാനത്തിലൂടെ രാഷ്ട്രീയത്തിൽ മുന്നേറിയ വനിതകളെ അപമാനിക്കുന്ന നീചമായ പരാമർശമാണിതെന്ന് ബിജെപി നേതാവ് തുഹിൻ സിൻഹ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഈ സ്ത്രീവിരുദ്ധനെ പുറത്താക്കുമോ അതോ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുമോ എന്നും സിൻഹ ചോദിച്ചു. 

രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പപ്പു യാദവ് മനഃപൂർവ്വം സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതെന്ന് ബിജെപിയുടെ ഷെഹ്സാദ് പൂനാവാല ആരോപിച്ചു. സ്വതന്ത്ര നേതാവാണെങ്കിലും രാഹുൽ ഗാന്ധിയുമായും കോൺഗ്രസുമായും വളരെ അടുത്ത ബന്ധമാണ് പപ്പു യാദവിനുള്ളതെന്നും പൂനാവാല കൂട്ടിച്ചേർത്തു.

പപ്പു യാദവിന്റെ തരംതാണ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദും രംഗത്തെത്തി. ഈ മൂന്നാം കിട എംപിക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരിക്കലും പിന്തുണ ലഭിക്കരുതെന്ന് അവർ വ്യക്തമാക്കി. വളരെ കഠിനാധ്വാനം ചെയ്താണ് പല സ്ത്രീകളും നിലവിലെ സ്ഥാനങ്ങളിൽ എത്തിയതെന്നും അവർ ഓർമ്മിപ്പിച്ചു. അപമാനകരവും നിന്ദ്യവുമായ പരാമർശങ്ങൾക്ക് പപ്പു യാദവ് പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ബിഹാർ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പപ്പു യാദവിന് കമീഷൻ അടിയന്തരമായി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം ഒരു പ്രസ്താവന നടത്താനുണ്ടായ കാരണവും, അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കാതിരിക്കാനുള്ള കാരണവും വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. കമീഷന് മറുപടി നൽകാൻ പപ്പു യാദവിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.