ഗുവാഹത്തി: ഇൻഡിഗോ വിമാനത്തിൽവെച്ച് സഹയാത്രികന്റെ മർദനമേറ്റതിന് പിന്നാലെ കാണാതായ യുവാവിനെ കണ്ടെത്തി. അസമിലെ കാച്ചാർ ജില്ല സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറിനാണ് മർദമനേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എയർഹോസ്റ്റസുമാർ സഹായിക്കുന്നതിനിടയിലാണ് സഹയാത്രികൻ ഇദ്ദേഹത്തിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ മജുംദാറിനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിമാനം ലാൻഡ് ചെയ്ത കൊൽക്കത്തയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയുള്ള അസമിലെ ബാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.

അസമിലെ കാച്ചാർ ജില്ല സ്വദേശിയായ മജുംദാർ (32) വ്യാഴാഴ്ച മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് വിമാനം കയറി. ഇൻഡിഗോയുടെ 6E-138 വിമാനത്തിലായിരുന്നു യാത്ര. അടുത്ത ദിവസം അവിടെ നിന്ന് സിൽച്ചാറിലേക്ക് മറ്റൊരു വിമാനത്തിൽ പോകാനായിരുന്നു പദ്ധതി. പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനേ തുടർന്ന് ജീവനക്കാർ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ സഹയാത്രികനായ ഹാഫിജുൾ റഹ്മാൻ ഇദ്ദേഹത്തിന്റെ കരണത്തടിച്ചു. വിമാനം കൊൽക്കത്തയിൽ എത്തിയശേഷം റഹ്മാനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയെങ്കിലും പിന്നീട് വിട്ടയച്ചു. മജുംദാറും വിമാനത്താവളം വിട്ടിരുന്നു.

വെള്ളിയാഴ്ച അദ്ദേഹത്തെ സ്വീകരിക്കാൻ സിൽച്ചാർ വിമാനത്താവളത്തിലെത്തിയ കുടുംബം സംഭവം അറിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പിതാവ് അബ്ദുൾ മന്നാൻ മജുംദാർ പറഞ്ഞു. തുടർന്ന് യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച സിൽച്ചാറിലേക്കുള്ള വിമാനത്തിലോ ശനിയാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കോ മജുംദാർ യാത്ര ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ബാർപേട്ട റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും അവിടെ നിന്ന് കണ്ടെത്തുകയുമായിരുന്നു. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുവാവിനെ മർദിച്ച റഹ്മാന് ഇൻഡിഗോ തങ്ങളുടെ വിമാനങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിലെ ഇത്തരം മോശം പെരുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി റഹ്മാന് ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.