മലപ്പുറം (പാങ്ങ്): അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട അധ്യാപകർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാൽപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിൽ സംസ്കരിച്ചു.
പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാൻ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് എത്തിയത്. പാങ്ങ് അന്പലപ്പറന്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു പൊതുദർശനം.
പള്ളിപ്പറന്പ് എൽപി സ്കൂൾ അധ്യാപിക റംല, യുപി സ്കൂൾ അധ്യാപിക ഷക്കീല, സ്കൂൾ പാചകത്തൊഴിലാളി സാജിത എന്നിവരെ പാങ്ങ് വലിയ മഹല്ല് ജുമാ മസ്ജിദിലാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്ജിദിൽ അധ്യാപകനായ മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും കബറടക്കി. സുഹ്റ ടീച്ചറുടെയും മകൻ ഹിഷാമിന്റെയും കബറടക്കം വടക്കൻ പാങ്ങ് മഹല്ല് ജുമാ മസ്ജിദിലായിരുന്നു.
പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശാ ടീച്ചറുടേത് കൊളത്തൂരിലുമുള്ള വീട്ടുവളപ്പിലും നടന്നു. ദുരന്തത്തിൽപ്പെട്ടവരെ അവസാനമായി കാണാനും പ്രാർഥിക്കാനുമായി പാങ്ങ് പ്രദേശത്തേക്കും മസ്ജിദുകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിരവധി പേർ അപകടം നടന്ന സ്ഥലമായ പൊള്ളാച്ചിയിലേക്കും കോയന്പത്തൂരിലേക്കും പോയിരുന്നു.
തമിഴ്നാട്, കേരളം സംസ്ഥാന ഭരണകൂടങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചത് മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകിട്ടാൻ സഹായകമായി. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഒന്പത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ പാങ്ങ് സ്കൂളിലെത്തിച്ചത്. പുലർച്ചെ അഞ്ചിനകം തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.
രാവിലെ ഒന്പതോടെ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.പി.എ. മജീദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



