പാലക്കാട് കോൺഗ്രസിന് തലവേദനയായി വീണ്ടും നേതാക്കളുടെ രാജി. ഉപതിരഞ്ഞെടുപ്പ് അടുക്കവെ ഇത് പാർട്ടിക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് കെ.എ. സുരേഷാണ് ഒടുവിൽ പാര്‍ട്ടി വിട്ടു. ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് പറഞ്ഞ സുരേഷ് സി.പി.എമ്മില്‍ ചേര്‍ന്നു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. എന്നെ പോലെ നിരവധി പേര്‍ ഉണ്ട്. സി.പി.എമ്മില്‍ ചേര്‍ന്നുകഴിഞ്ഞു. സരിനെ ജയിപ്പിക്കാനായി പ്രവര്‍ത്തിക്കും,’ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് പിരായിരി. പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ഷാഫിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്ന സൂചനയും സുരേഷിൻ്റെ വാക്കുകളിലുണ്ട്. ദളിത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു സുരേഷ്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട്ടെ കോണ്‍ഗ്രസില്‍ വലിയ അമര്‍ഷവും പൊട്ടിത്തെറിയുമാണ് ഉള്ളതെന്ന് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.