പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ട്രോളി വിവാദത്തിൽ അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു.
നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകിയത്. 
സംഭവത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നീല ട്രോളി ബാഗിൽ പണം കടത്തിയെന്ന് ആരോപണം ഉയർന്നത് വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ആരോപണ പ്രത്യാരോപണങ്ങളായി എൽഡിഎഫും യൂഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു. ബാ​ഗിൽ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലിൽ മറുപടി നൽകിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

പാലക്കാട് കെപിഎം ഹോട്ടലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധനയും നടന്നിരുന്നു.