പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തി റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി. ന്യൂഡൽഹി അയൽരാജ്യത്തെ ആക്രമിച്ചാൽ ഇസ്ലാമാബാദ് ആണവായുധങ്ങൾ ഉൾപ്പെടെയുള്ള “പൂർണ്ണ ശക്തി” ഉപയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പാകിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുമെന്നും ഒരു സംഘർഷം “ആസന്നമാണെന്നും” ചോർന്ന ചില രേഖകൾ വ്യക്തമാക്കുന്നതായി മുഹമ്മദ് ഖാലിദ് ജമാലി അവകാശപ്പെട്ടു.
“ഇന്ത്യയുടെ മാധ്യമങ്ങളുടെ ആവേശവും അവിടെ നിന്ന് വരുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിർബന്ധിതരാക്കി. പാകിസ്ഥാനിലെ ചില പ്രദേശങ്ങൾ ആക്രമിക്കാൻ ഇന്ത്യ തീരുമാനിച്ചതായി കാണിക്കുന്ന മറ്റ് ചില രേഖകളും ചോർന്നിട്ടുണ്ട്. അതിനാൽ, ഇത് സംഭവിക്കുമെന്നും അത് ആസന്നമാണെന്നും ഞങ്ങൾക്ക് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.



