താനും സൈനികമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും വായ്പ ചോദിച്ച് പല രാജ്യങ്ങളിലും അലഞ്ഞതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. രാജ്യം അത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി. ബിസിനസുകാരുമായി ഇസ്ലാമാബാദില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അത്യപൂര്‍വമായ ഈ ഏറ്റുപറച്ചില്‍.
കടുത്ത സാമ്പത്തികപ്രശ്നത്തിനിടെ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിവന്ന നീക്കങ്ങളെക്കുറിച്ചായിരുന്നു ഷെഹബാസിന്റെ വിശദീകരണം. ‘ഇപ്പോൾ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മെച്ചപ്പെട്ടു, ഇരട്ടിയായി. എന്നാൽ അതിൽ സുഹൃദ്‌രാജ്യങ്ങളുടെ സഹായവും വായ്പകളും ഉൾപ്പെടുന്നു, അറിയാമല്ലോ വായ്പ എടുക്കുന്നവന്റെ തല താഴ്ന്നിരിക്കും, ഫീൽഡ് മാർഷൽ അസിം മുനീറും ഞാനും ലോകമെമ്പാടും പണത്തിനായി അപേക്ഷിച്ചു നടന്നു, നാണക്കേട് തോന്നി, ആത്മാഭിമാനത്തിന് വിള്ളലേറ്റു, തല താഴ്ന്നുപോകുന്നു. പല കാര്യങ്ങൾക്കും ആരോടും ‘നോ’ എന്നു പറയാന്‍ പോലും പറ്റാത്ത അവസ്ഥയായിപ്പോയി’–ഇതായിരുന്നു ഷെഹബാസിന്റെ വാക്കുകള്‍.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി ഐഎംഎഫുമായി നീണ്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഷെഹബാസിന്റെ തുറന്നുപറച്ചില്‍. ഐഎംഎഫില്‍ നിന്നും നിലവിലുള്ള വായ്പാ പദ്ധതിയുടെ ഭാഗമായി 1.2ബില്യണ്‍ ഡോളറും പ്രത്യേകം കാലാവസ്ഥാ ഫണ്ടിങ്ങും നേടിയിരുന്നു. ഇതിലൂടെയാണ് രാജ്യം വിദേശനാണ്യശേഖരം ഉയര്‍ത്തിയതും കടം തിരിച്ചടച്ചതും.
പാക്കിസ്ഥാന്‍ സ്റ്റേറ്റ് ബാങ്ക് ഈ ആഴ്ച അപ്രതീക്ഷിതമായി പലിശനിരക്ക് 10.5%ൽ സ്ഥിരമായി നിലനിർത്തിയതായും റിപ്പോര്‍ട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇതിനൊരു കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.



