ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ ‘ആക്ട് ഓഫ് വാർ'(യുദ്ധസമാനമായ പ്രവൃത്തി) എന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് , ഉചിതമായ മറുപടി നൽകുമെന്ന് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ പാകിസ്ഥാനിലെ അഞ്ച് സ്ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി ഷെരീഫ് പറഞ്ഞു.

“ഇന്ത്യ അടിച്ചേൽപ്പിക്കുന്ന ഈ യുദ്ധത്തിന് ശക്തമായ മറുപടി നൽകാൻ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട്… ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാൻ രാജ്യത്തിനും അതിന്റെ സായുധ സേനയ്ക്കും നന്നായി അറിയാം. ശത്രുവിന്റെ ദുരുദ്ദേശ്യ ലക്ഷ്യങ്ങളിൽ വിജയിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല,” പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ കൃത്യമായ മിസൈൽ ആക്രമണം നടത്തിയതായി ഇന്ത്യ പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്ക് ശേഷം ഷെരീഫ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ “അശ്രദ്ധമായ നടപടി” രണ്ട് ആണവായുധ സമ്പന്ന രാജ്യങ്ങളെയും “ഒരു വലിയ സംഘർഷത്തിലേക്ക്” അടുപ്പിച്ചുവെന്ന് പാകിസ്ഥാൻ സർക്കാർ മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. മിസൈൽ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് അവർ അവകാശപ്പെട്ടു.