ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. യുദ്ധമുഖത്തുനിന്ന് പിന്മാറി അർത്ഥവത്തായ ചർച്ചകളിലേക്ക് മടങ്ങണമെന്ന് സർദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ‘ഹൈഡ്രോ ടെററിസം’ (ജല ഭീകരവാദം) എന്നാണ് സർദാരി വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ജലപ്രവാഹത്തെ ഇന്ത്യ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും കശ്മീർ പ്രശ്നം പരിഹരിക്കാതെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം അസാധ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
പടിഞ്ഞാറൻ അതിർത്തിയിലെ ഭീകരവാദ ഭീഷണികളെക്കുറിച്ചും സർദാരി പ്രസംഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നൽകിയ റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം അവഗണിച്ചാൽ ഏതൊരു രാജ്യവും വൻ ദുരന്തങ്ങൾക്ക് ഇരയായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ പാകിസ്താൻ നയതന്ത്ര ശ്രമങ്ങൾ പരമാവധി ഉപയോഗിച്ചുവെന്നും പാകിസ്താന്റെ മണ്ണ് പവിത്രമാണെന്നും സർദാരി പറഞ്ഞു. ഭീകരസംഘങ്ങളെ തടയുമെന്ന ദോഹ കരാറിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.



