ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിന്റെ പ്രഹരമേറ്റ വിവരം ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ. ഇത് ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പാകിസ്താന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.

ഡിസംബർ 27ന് ശനിയാഴ്ച നടന്ന വർഷാവസാന വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യ സ്ഥിരീകരിച്ചത്. ഇന്ത്യൻ ഡ്രോണുകൾ റാവൽപിണ്ടിയിലെ ചക്‌ലാലയിലുള്ള നൂറ് ഖാൻ വ്യോമതാവളത്തെ ആക്രമിച്ചതായും, അതിൽ സൈനിക സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം സമ്മതിച്ചു.

മേയ് 10-ന് പുലർച്ചെ നൂറ് ഖാൻ വ്യോമതാവളത്തിൽ ആക്രമണം നടത്തി ഇന്ത്യ ‘തെറ്റ്’ ചെയ്തു എന്നായിരുന്നു ദാറിന്റെ വാദം. ‘അവർ (ഇന്ത്യ) പാകിസ്താനിലേക്ക് ഡ്രോണുകൾ അയച്ചു. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അവർ അയച്ചിരിക്കും. 80-ൽ 79 ഡ്രോണുകളും ഞങ്ങൾക്ക് തടയാൻ കഴിഞ്ഞു. ഒരു ഡ്രോൺ മാത്രമാണ് വ്യോമതാവളത്തിൽ പതിച്ചത്. അതിൽ സൈനിക സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.’ ദാർ പറഞ്ഞു.

ഇന്ത്യൻ സായുധ സേന മേയ് ഏഴിന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ പ്രതികരണമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ ആക്രമണം. ആദ്യം പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടതിന് ശേഷമാണ് ഇന്ത്യൻ സൈന്യം പാക് സൈനിക സ്ഥാപനങ്ങളെ ആക്രമിച്ചത്.

പാകിസ്താൻ വ്യോമസേനയുടെ ഒരു പ്രധാന കേന്ദ്രമാണ് നൂറ് ഖാൻ, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആക്രമിച്ച 11 വ്യോമതാവളങ്ങളിൽ ഒന്നായിരുന്നു ഇത്. സർഗോദ, റാഫിക്, ജേക്കബാദ്, മുരിഡ്‌കെ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യ ആക്രമണം തുടങ്ങിയശേഷം, മേയ് ഒമ്പതിന് രാത്രി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ സിവിൽ, സൈനിക നേതൃത്വം ഒരു യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതികരണങ്ങൾ അംഗീകരിക്കുകയും ചെയ്തതായി ദാർ കൂട്ടിച്ചേർത്തു.

ദാറിന്റെ വെളിപ്പെടുത്തലോടെ, ഇന്ത്യയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടം കുറച്ചുകാട്ടിക്കൊണ്ടുള്ള പാകിസ്താന്റെ ഇതുവരെയുള്ള അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ സൈനിക വെറ്ററൻ ലെഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) കെ.ജെ.എസ്. ധില്ലൻ രംഗത്തുവന്നു.

‘പാകിസ്താന്റെ സമാ ടൈംസ് വെബ്‌സൈറ്റ് 2025 ഓഗസ്റ്റ് 14-ന്, അവരുടെ സ്വാതന്ത്ര്യ ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട 138 ധീരത പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രസിദ്ധീകരിച്ചിരുന്നു. അവർ മരണാനന്തരം ബഹുമാനിക്കപ്പെട്ടു. 138 പേർക്ക് മരണാനന്തരം ബഹുമതി ലഭിച്ചുവെങ്കിൽ, ഓപ്പറേഷൻ സിന്ദൂറിലുണ്ടായ സൈനിക നടപടിയിൽ 400 മുതൽ 500 വരെ ആളുകൾ കൊല്ലപ്പെട്ടിരിക്കാം. നൂറ് ഖാൻ ബേസ് തീജ്വാലകളിലായിരുന്നു. പാകിസ്താനിലെ ജനങ്ങൾതന്നെ അതിന്റെ വീഡിയോകൾ പുറത്തുവിട്ടിരുന്നു. അപ്പോഴും അധികാരസ്ഥാനത്തിരുന്നവർ മാത്രമാണ് ഇക്കാര്യം അംഗീകരിക്കാൻ തയ്യാറല്ലാതിരുന്നത്.’ ധില്ലൻ പറഞ്ഞു.

നൂറ് ഖാൻ വ്യോമതാവളത്തിലെ ആക്രമണം ഷഹബാസ് ഷെരീഫും നേരത്തെ സ്ഥിരീകരിച്ചിരുന്നു. മേയ് ഒമ്പത്, 10 രാത്രികളിൽ സൈനിക മേധാവി ജനറൽ അസിം മുനീർ ആക്രമണത്തെക്കുറിച്ച് തന്നെ വ്യക്തിപരമായി അറിയിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. മേയ് മാസത്തിലെ ഉപഗ്രഹ ചിത്രങ്ങൾ നൂറ് ഖാൻ, സർഗോദയിലെ മുഷാഫ്, ഭോലരി, ജേക്കബാദിലെ ഷാഹ്ബാസ് എന്നിവയുൾപ്പെടെ നിരവധി പാകിസ്താൻ വ്യോമതാവളങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായി കാണിച്ചിരുന്നു.

മേയ് 10-ന്, നൂറ് ഖാൻ, മുരിഡ്‌കെ, റാഫിക് എന്നിങ്ങനെ മൂന്ന് വ്യോമതാവളങ്ങളെയാണ് ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടതെന്ന് പാകിസ്താൻ സമ്മതിച്ചിരുന്നു. ദാർ ഇപ്പോൾ നടത്തിയ പ്രസ്താവനയോടെ, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ തന്ത്രപരമായ സൈനിക നടപടിയുടെ വ്യാപ്തിയും അവർക്കേറ്റ പ്രഹരത്തെയും കുറിച്ച് പാകിസ്താൻ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. വിഷയത്തിൽ പാകിസ്താൻ നേരത്തെ എടുത്തിരുന്ന നിലപാടിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്.