ന്യൂഡല്‍ഹി: ശ്രീലങ്കയിലേക്കുള്ള സഹായ വിഭവങ്ങളുമായിപോയ പാക് വിമാനത്തിന് വ്യോമപാത തുറന്നുനല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തി എന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്താന് ആവശ്യപ്പെട്ട ഓവര്‍ഫ്ലൈറ്റ് ക്ലിയറന്‍സ് (വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി) നല്കുന്നതില് ഇന്ത്യ കാലതാമസം വരുത്തി എന്ന പാകിസ്താന്റെ അവകാശവാദത്തെ അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
പാകിസ്താന് സര്‍ക്കാര്‍ ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീലങ്കയിലേക്കുള്ള മാനുഷിക സഹായ ദൗത്യത്തിനായി ഒരു വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി 2025 ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ പാകിസ്താന് അപേക്ഷ സമര്‍പ്പിച്ചുവെന്നും, അതേ ദിവസം തന്നെ അനുമതി നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം അസംബന്ധമാണ്. ഞങ്ങള്‍ അത് തള്ളിക്കളയുന്നു. ഈ ആരോപണം തികച്ചും ഇന്ത്യാ വിരുദ്ധമാണ്. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മറ്റൊരു ശ്രമമാണ് ഇത്.’ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്താന് വിമാനത്തിന് ഓവര്‍ഫ്ലൈറ്റ് അനുമതി തേടിയുള്ള അഭ്യര്‍ത്ഥന ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് 2025 ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ലഭിച്ചത്. മാനുഷിക സഹായത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ അഭ്യര്‍ത്ഥന അതേ ദിവസം തന്നെ അതിവേഗം പരിഗണിക്കുകയും 2025 ഡിസംബര്‍ ഒന്നിന് വൈകുന്നേരം 5:30-ന്, നിര്‍ദ്ദേശിച്ച യാത്രാവിവരങ്ങള്‍ക്ക് അനുസരിച്ച് ഓവര്‍ഫ്ലൈറ്റ് അനുമതി നല്‍കുകയും ചെയ്തു.’ അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയില്‍ ഡിറ്റ്വ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 355 പേര് മരിക്കുകയും 300-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രയാസകരമായ സമയത്ത് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിറ്റ്വ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ശ്രീലങ്കയിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ‘ഓപ്പറേഷന് സാഗര്‍ ബന്ധു’ ആരംഭിച്ചിരുന്നു.



