പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ചൈനയും പാകിസ്ഥാനും സംയുക്തമായി അഞ്ചിന സമാധാന പദ്ധതി തയ്യാറാക്കി. ഉടനടി വെടിനിർത്തലും ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുന്നതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബെയ്‌ജിംഗിൽ സന്ദർശനം നടത്തി ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണ തേടിയതിന് പിന്നാലെയാണ് അഞ്ചിന പദ്ധതി സമർപ്പിക്കപ്പെട്ടത്. ഉടനടി വെടിനിർത്തുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നിവയാണ് പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള പുതിയ ശ്രമങ്ങളാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ യുദ്ധത്തിൽ ഇതുവരെ നിശബ്ദമായ നിലപാട് സ്വീകരിച്ചിരുന്ന ചൈന, യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും തങ്ങളുടെ വ്യാവസായിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ സജീവമായി ഇടപെടുന്നത്. സമാധാന ദൂതനായി ഷീ ജിൻപിംഗ് രംഗത്തെത്തുന്നത് മറ്റ് ആഗോള ശക്തികൾക്ക് മുന്നിലുള്ള വെല്ലുവിളിയായും വിലയിരുത്തപ്പെടുന്നു.



