യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാസയിലേക്ക് സൈനികരെ അയക്കാന്‍ പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ എതിര്‍പ്പുമായി രാജ്യത്തെ മതവാദികള്‍. അടുത്ത ആഴ്ചതന്നെ ട്രംപിനെ കാണാന്‍ മുനീര്‍ അമേരിക്കയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുണ്ട്.

ആറ് മാസത്തിനിടയിലെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലി സൈനിക ബോംബാക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മേല്‍നോട്ടം വഹിക്കാന്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സേനയെ ട്രംപിന്റെ 20 ഇന ഗാസ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, ഫലത്തില്‍ ഹമാസിനെ നിരായുധരാക്കുന്നതിനുള്ള ഈ ദൗത്യം പല രാജ്യങ്ങളും ഭയക്കുന്നു. ഇത് സ്വന്തം രാജ്യങ്ങളില്‍ സംഘര്‍ഷവും ഇസ്രയേല്‍ വിരുദ്ധത. ആളിക്കത്തിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

എന്നാല്‍, ട്രംപിന്റെയും മുനീറിന്റെയും അടുപ്പം പാക് സൈനികരെ ഘട്ടംഘട്ടമായി ഗാസയില്‍ എത്തിക്കാനാണ് സാധ്യത. എന്നാല്‍, പാകിസ്താന്‍ സൈനികര്‍ ഈ ദൗത്യത്തില്‍ പങ്കുചേരാന്‍ വിസമ്മതിച്ചാല്‍ ട്രംപിനെ അത് നിരാശപ്പെടുത്തിയേക്കാം. അതേസമയം, ഗാസയിലേക്ക് സൈനികരെ അയച്ചാല്‍ പാകിസ്താന് വളരെ വലിയ സാമ്പത്തിക  സഹായമായിരിക്കും യുഎസ് തിരിച്ചുനല്‍കുക. പല ഘട്ടങ്ങളില്‍ ഇന്ത്യയുമായി നടത്തിയ യുദ്ധം ആണവായുധങ്ങളുള്ള ഏക മുസ്ലീം രാജ്യമായ പാകിസ്താന്‍ സൈനികരെ പരിയചസമ്പന്നരാക്കിയെന്നാണ് യുഎസ് വിലയിരുത്തല്‍.