ഒളരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പ്രാദേശിക ബി ജെ പി നേതാവായ രാധാകൃഷ്ണന്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും അമ്പതോളംപേര്‍ കിറ്റുകള്‍ വാങ്ങിയെന്നുമാണ് മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനില്‍കുമാര്‍ അടക്കമുളള എല്‍ ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് കിറ്റുകള്‍ വിതരണംചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പോലീസ് അടപ്പിച്ചു. ഇവിടെനിന്ന് അമ്പതോളം കിറ്റുകളും കണ്ടെടുത്തു.

കഴിഞ്ഞദിവസം മുതലാണ് ബിജെപി സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ കിറ്റ് വിതരണം ആരംഭിച്ചതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഒളരിയിലെ ചില ഉന്നതികളിലുള്ളവര്‍ക്കാണ് കിറ്റ് വിതരണംചെയ്തിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സൗജന്യമായി കിറ്റ് വാങ്ങാനായി വീട്ടമ്മമാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്നും എല്‍ഡിഎഫ് ആരോപിച്ചു.