കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ കാട്ടുകൊമ്പന്‍മാരായ പടയപ്പയും ഒറ്റക്കൊമ്പനും വീണ്ടും ജനവാസ മേഖലകൾക്ക് സമീപം എത്തിയത് തൊഴിലാളികളില്‍ ആശങ്ക പടര്‍ത്തുന്നു.
ബുധനാഴ്ച വൈകിട്ട് കന്നിമല ലോയര്‍ ഡിവിഷനിൽ എത്തിയ കാട്ടാനകള്‍ ഏതാനും മീറ്ററുകള്‍ക്ക് മാത്രം അപ്പുറമായിട്ടാണ് ഇരുവശത്തും നിലയുറപ്പിച്ചത്. ഇരു കൊമ്പന്‍മാരെയും വനം വകുപ്പിൻ്റെ ആര്‍.ആര്‍.ടി സംഘം നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം കൊമ്പുകോര്‍ത്ത് ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ വീണ്ടും വീടുകള്‍ക്കു സമീപം എത്തി നിലയുറപ്പിച്ചതോടെയാണ് തൊഴിലാളികള്‍ ആശങ്കയിലായത്.
മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ പടയപ്പയും ഒറ്റക്കൊമ്പനും ആണ് ബുധനാഴ്ച വൈകിട്ടോടെ കന്നിമല എസ്‌റ്റേറ്റിലെ ലയങ്ങള്‍ക്കു സമീപം എത്തിയത്.
കന്നിമല എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷനില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളികളും ആശങ്കയിലായി. രണ്ട് ആനകളെയും നിരീക്ഷിച്ച് ആര്‍.ആര്‍.ടി സംഘം സമീപത്തു തന്നെ തുടരുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് രണ്ടു കൊമ്പന്‍മാരും നയമക്കാട് എസ്റ്റേറ്റില്‍ വച്ച് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനും ശേഷം രണ്ടു വഴിക്ക് നീങ്ങിയ കൊമ്പന്‍മാര്‍ ചൊവ്വാഴ്ച വൈകിട്ടോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലുള്ള ചോല വനത്തിലായിരുന്നു നിലയുറപ്പിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ കന്നിമലയ്ക്കു സമീപം എത്തിയ കൊമ്പമാര്‍ ഏതാനും മീറ്ററുകള്‍ക്ക് അപ്പുറം മാത്രം നിലയുറപ്പിച്ചതോടെയാണ് തൊഴിലാളികള്‍ ആശങ്കയിലായത്. ഏറ്റുമുട്ടലില്‍ പടയപ്പയ്ക്ക് പരിക്കേറ്റു എന്ന നിഗമനത്തില്‍ എത്തിയിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ല എന്നു തന്നെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
കാര്യമായ പരിക്കുകള്‍ ഇല്ലെങ്കിലും രണ്ട് ആനകളെയും വരും നാളുകളിലും നിരീക്ഷിക്കുവാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കൊമ്പന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത് രണ്ടാം തവണയാണ്. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ വിളിപ്പേരുകള്‍ ഉള്ള കൊമ്പന്‍മാര്‍ തമ്മില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ മുറിവാലന്‍ ഞായറാഴ്ച ചെരിഞ്ഞിരുന്നു.