പട്ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് പിന്തുണ നൽകാൻ തയ്യാറെന്ന് അസദുദ്ദീൻ ഒവൈസി. സീമാഞ്ചൽ മേഖലയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് എഐഎംഐഎം പ്രവർത്തിക്കുന്നതെന്നും ഈ മേഖലയ്ക്ക് അർഹമായ നീതി ലഭിക്കുകയാണെങ്കിൽ നിതീഷ് കുമാർ സർക്കാരിന് പൂർണ പിന്തുണ നൽകാൻ തങ്ങൾ തയ്യാറാണെന്ന് ഒവൈസി പറഞ്ഞു. സീമാഞ്ചൽ മേഖലയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ സർക്കാരിന് ആശംസകൾ. സീമാഞ്ചൽ മേഖലയോട് നീതി പുലർത്തുകയും വർഗീയത അകറ്റിനിർത്തുകയും ചെയ്താൽ സർക്കാരിന് പൂർണ സഹകരണം വാഗ്ദാനംചെയ്യാൻ സാധിക്കും’, ഒവൈസി പറഞ്ഞു. എഐഎംഐഎം മുസ്ലിങ്ങൾക്കുവേണ്ടി മാത്രമുള്ള പാർട്ടിയല്ലെന്നും ദളിതരും ആദിവാസികളും കൂടുതലുള്ള സീമാഞ്ചലിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വികസനം പട്നയിലും രാജ്ഗീറിലും കേന്ദ്രീകരിക്കരുത്. നദീതീരത്തെ മണ്ണൊലിപ്പ്, വൻതോതിലുള്ള കുടിയേറ്റം, വ്യാപകമായ അഴിമതി തുടങ്ങിയവകൊണ്ട് സീമാഞ്ചൽ കഷ്ടപ്പെടുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിലേറിയപ്പോൾ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസിനേയും ഇടതുപാർട്ടികളേക്കാളും മികച്ച പ്രകടനമായിരുന്നു ഒവൈസിയുടെ എഐഎംഐഎം ബിഹാറിൽ കാഴ്ചവെച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാതെ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുകയായിരുന്നു ഒവൈസിയുടെ പാർട്ടി. 25 മണ്ഡലത്തിലാണ് എഐഎംഐഎം സ്ഥാനാർഥികളെ നിർത്തിയത്.



