കിഴക്കൻ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ കേന്ദ്രമായ സ്‌കൂളിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും നിവരധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹമാസ് നടത്തുന്ന ഗാസ സർക്കാർ മീഡിയ ഓഫീസ് അനുസരിച്ച് ആളുകൾ പ്രാർത്ഥന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. 

“ഫജ്ർ (പ്രഭാത) പ്രാർത്ഥനകൾ നടത്തുന്നതിനിടെ കുടിയിറക്കപ്പെട്ട ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം, ഇത് മരണസംഖ്യയിൽ അതിവേഗം വർദ്ധനവിന് കാരണമായി,” ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഗാസയിലുടനീളമുള്ള നാല് സ്‌കൂളുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

ആഗസ്റ്റ് 4 ന്, ഗാസ സിറ്റിയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റ് ഒന്നിന് ദലാൽ അൽ മുഗ്രബി സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ മരിച്ചു.