കേന്ദ്ര ബജറ്റിനെതിരെ(Union Budget 2024) ബുധനാഴ്ച പാർലമെൻ്റിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ച് പ്രതിപക്ഷമായ ഇന്ത്യ മുന്നണി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാട്ടിയെന്നാണ് വാദം. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പ്രതിപക്ഷത്തിൻ്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽ  ഉന്നത നേതാക്കൾ ഒത്തുകൂടി.

കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) തലവൻ ശരദ് പവാർ, ശിവസേന (യുബിടി) എംപിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡിഎംകെ എംപിമാരായ ടിആർ ബാലു, തിരുച്ചി ശിവ, ജാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി, ആം ആദ്മി പാർട്ടി എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവർ തുടങ്ങിയ നേതാക്കൾ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ 10.30ന് പാർലമെൻ്റിന് മുമ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധം ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.