ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂരി’നെ തുടർന്ന് പാകിസ്താൻ നടത്തിയ സൈനിക നീക്കങ്ങൾ തകർത്ത് ഇന്ത്യ. ജമ്മുവിലടക്കം രാജ്യത്തിൻ്റെ വടക്ക്, പടിഞ്ഞാറൻ മേഖലകൾ ആക്രമിക്കാനുള്ള പാക് നീക്കമാണ് ഇന്ത്യൻ സൈന്യം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ചെറുത്തത്. ജമ്മുവിൽ ഉൾപ്പെടെ പാക് പ്രകോപനം തുടരുകയാണ്. സൈറൺ ഉയർന്നതോടെ പുലർച്ചെ വീണ്ടും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. സംഭവവികാസങ്ങൾ തത്സമയം അറിയാം.
അമൃത്സറിൽ ജാഗ്രതാ നിർദേശം
അമൃത്സറിൽ ജാഗ്രതാ നിർദേശവുമായി ഉദ്യോഗസ്ഥർ. ആശങ്കപ്പെടേണ്ടതില്ലെന്നും നടപടികൾ മുൻകരുതലോണമെന്നും വിശദീകരണം.
ജമ്മുവിൽ വീണ്ടും പാക് പ്രകോപനം
ജമ്മുവിൽ വീണ്ടും പാക് പ്രകോപനം. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം നടന്നതോടെ സൈറൺ മുഴങ്ങി. ഇതേ തുടർന്ന് മേഖലയിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി ജാഗ്രത കടുപ്പിച്ചു.
രാജസ്ഥാനിൽ ഉന്നതതലയോഗം ചേർന്ന് മുഖ്യമന്ത്രി
അതിർത്തിയിലെ സാഹചര്യം സങ്കീർണമാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ഉന്നതതലയോഗം ചേർന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജയ്സാൽമറിൽ പാക് ഡ്രോണുകൾ എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. അതേസമയം ഡ്രോണുകൾ ഇന്ത്യൻ എയർ ഡിഫൻസ് നിർവീര്യമാക്കി.



