തിരുവനന്തപുരം: മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തനസമയം അരമണിക്കൂർ കുറച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. ആ നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്.

മദ്യനിരോധനമല്ല, വർജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച സർക്കാർ മദ്യ ഉപഭോഗം കുറയ്ക്കാനാണ് ബാർ സമയം 12 മണിക്കൂറായി കുറച്ച് രാവിലെ 11 മുതൽ രാത്രി 11 വരെ ആക്കിയത്. ത്രീസ്റ്റാർ ഹോട്ടൽ ലൈസൻസുള്ളവർക്കെല്ലാം ബാർ തുറക്കാൻ അനുമതിയും നൽകി.

ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകളും 813 ബിയർ-വൈൻ പാർലറുകളുമാണുണ്ടായിരുന്നത്. 200 പുതിയ ബാറുകൾ അനുവദിച്ചതിനു പുറമേ യു.ഡി.എഫ്. സർക്കാർ പൂട്ടിയ 462 ബാറുകൾകൂടി തുറന്നുകൊണ്ടായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ മദ്യനയത്തിലെ പൊളിച്ചെഴുത്ത്.

2018-19 ലെ മദ്യനയത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻവേണ്ടി ബാർ സമയത്തിൽ കൈവെച്ചത്. 14 വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടി. അതിനുശേഷം ബാറുകൾക്ക് ഇളവ് നൽകിയതെല്ലാം വിനോദസഞ്ചാരമേഖലയെ കൂട്ടുപിടിച്ചായിരുന്നു.

ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയപരിധി നീട്ടാനുമുള്ള നിർദേശവും ഇങ്ങനെയായിരുന്നു. വിനോദസഞ്ചാരമേഖലയിലെ സംരംഭകരുമായി നടത്തിയ യോഗത്തിലെ വിവരം ചോർന്നതോടെ ഇളവ് നൽകാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ് സർക്കാർ തടിയൂരി.

ഫോൺസംഭാഷണം ചോർന്നു

സർക്കാരിന് പണംപിരിച്ച് നൽകിയാൽ ബാർ സമയം നീട്ടിനൽകാമെന്ന് ഉറപ്പുലഭിച്ചതായി ബാറുടമകളുടെ യോഗത്തിലുണ്ടായ തീരുമാനം സംബന്ധിച്ച ഫോൺസംഭാഷണം ചോർന്നതും വിവാദമായി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ പിൻമാറി. ഇതിനിടെ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കള്ള് ചെത്തിവിൽക്കാൻ അനുമതി നൽകി.

2015 ജനുവരിയിൽ നിലവിലുണ്ടായിരുന്ന 14 വിനോദസഞ്ചാരകേന്ദ്രങ്ങൾക്കു പുറമേ 74 ടൂറിസം കേന്ദ്രങ്ങൾകൂടി അനുവദിച്ചുകൊണ്ടാണ് മദ്യനയത്തിൽ വെള്ളം ചേർത്തത്. ഇതേത്തുടർന്നാണ് ബാറുകളുടെ പ്രവർത്തനസമയത്തിൽ ഏറ്റക്കുറച്ചിലുണ്ടായത്. ഇത് പരിഹരിക്കാനെന്ന മറവിലാണ് ഇപ്പോൾ ബാറുകളുടെ സമയം നീട്ടിയത്.

ഡിസ്റ്റിലറി തൊട്ടപ്പോഴെല്ലാം പിഴച്ചു

കടലാസ് കമ്പനികൾക്ക് ഡിസ്റ്റിലറിയും ബ്രൂവറിയും തുടങ്ങാൻ അനുമതി നൽകിയതാണ് ഒന്നാം പിണറായി സർക്കാരിനെ വെട്ടിലാക്കിയത്. വിവാദമായപ്പോൾ പ്രാഥമികാനുമതി റദ്ദാക്കി. രണ്ടാംപിണറായി സർക്കാർ മദ്യനയത്തിൽ ആഭ്യന്തരമദ്യ ഉത്പാദനംകൂട്ടാൻ വ്യവസ്ഥ ചേർത്തു.

ജലലഭ്യത കുറവുള്ള എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് മദ്യനിർമാണത്തിന് അനുമതി നൽകിയതും ഹൈക്കോടതി റദ്ദാക്കിയതും സർക്കാരിന് തിരിച്ചടിയായി.

ഒന്നാം പിണറായി സർക്കാർ

പുതിയ ബാറുകൾ 200

ആകെ ബാറുകൾ 662

രണ്ടാം പിണറായി സർക്കാർ

പുതിയ ബാറുകൾ 142

ആകെ ബാറുകൾ 884

ഉമ്മൻചാണ്ടി സർക്കാർ

സ്ഥാനമൊഴിയുമ്പോൾ

29 ബാറുകൾ