തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി ഉണ്ടായ വാക്കുതർക്കവും തുടർന്നുണ്ടായ കേസും മൂലം ജോലി നഷ്ടപ്പെട്ട യദു എന്ന യുവാവിന് ഇപ്പോൾ ആശ്രയം ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജോലി.
2024 ഏപ്രിൽ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. മുൻ മേയർ ആര്യയും ഭർത്താവും എംഎൽഎയുമായ സച്ചിന്ദേവും സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡിൽ വാക്കേറ്റമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങള്‍ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാൻ യദുവിന് സാധിച്ചില്ല.
ഇതേ തുടർന്നാണ് കുടുംബം നോക്കാൻ യദു ഓണ്‍ലൈൻ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ ബസുകളില്‍ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്റെ വാഹനം പിടികൂടിയിരുന്നതായി യദു പറയുന്നു.
ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു.
വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാർഥനയെന്നും യദു പറയുന്നു.



