ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം.
21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സെറ്റെബെല്ലോ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നു. ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം.

വാണിജ്യ ഷിപ്പിംഗും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിഗേഷനും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണം. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം. നയതന്ത്ര ചർച്ചയിലൂടെ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സൊഹാർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ, ഹോർമുസ് കടലിന് സമീപമാണ് ഇന്ധന ടാങ്കറിനുനേരെ ആക്രമണമുണ്ടായത്. കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം.