ഒക്ടോബർ 30 വ്യാഴാഴ്ച ഒഫിർ സർഫാത്തിയുടെ കുടുംബം അദ്ദേഹത്തിന് വേണ്ടി ഒരു മൃതസംസ്കാര ചടങ്ങുകൂടി നടത്തി. ഈ ആഴ്ച ആദ്യം ഹമാസ് തിരികെ നൽകിയ മൃതദേഹാവശിഷ്ടങ്ങളാണ് കുടുംബാംഗങ്ങൾ സാംസ്കാരിക്കാനൊരുങ്ങുന്നത്. എന്നാൽ ഇതൊരു സാധാരണ സംസ്കാര ചടങ്ങ് അല്ലായിരുന്നു. കാരണം, തങ്ങളുടെ പ്രിയപ്പെട്ട സർഫാത്തിയോട് കുടുംബം വിട പറയുന്നത് ‘മൂന്നാം തവണയാണ്’. കാരണം സർഫാത്തിയുടെ ശരീരാവശിഷ്ടങ്ങൾ കുടുംബത്തിന് മൂന്നു തവണയായാണ് ഹമാസ് കൈമാറിയത്. 2023 ഡിസംബർ മുതൽ മകന്റെ കല്ലറയ്ക്ക് മുൻപിൽ നിന്നുകൊണ്ട് സർഫാത്തിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇത് മൂന്നാം തവണയാണ് അദ്ദേഹത്തോട് വിടപറയുന്നത്. ജീവിതത്തിൽ ഇത്രയും വേദനാജനകമായ അവസ്ഥ ആർക്കുമുണ്ടാകരുതേ എന്നാണു അവരുടെ പ്രാർഥന.
2023 ഒക്ടോബർ ഏഴിന് നോവ സംഗീതോത്സവ പരിപാടിയിൽ നടന്ന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹമാസ് ഭീകരർ 27 കാരനായ സർഫാത്തിയെ വെടിവച്ചു. പരിക്കേറ്റ അദ്ദേഹത്തെ അവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നവംബർ 27 ന് ഐ.ഡി.എഫ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചപ്പോൾ കുടുംബം ഒത്തുചേർന്നിരുന്നു. ഡിസംബറിൽ ഗാസയിൽ നിന്ന് സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതിനുശേഷം മൃതസംസ്‍കാര ചടങ്ങുകൾ നടത്തിയപ്പോൾ കുടുംബം രണ്ടാം തവണ സാർഫാത്തിയുടെ ഓർമ്മകളുമായി ഒത്തുകൂടി.
വീണ്ടും തിങ്കളാഴ്ച, ഹമാസ് സാർഫാത്തിയുടെ കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ “കണ്ടെത്തി” ഇസ്രായേലിനു തിരികെ നൽകി. കിര്യത്ത് അത്ത സെമിത്തേരിയിലേക്ക് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുപോകുമ്പോൾ, സാർഫാത്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരുപാടുപേർ ഇസ്രായേലി പതാകകളും വഹിച്ചുകൊണ്ട് തെരുവുകളിൽ നിന്നു.
“എന്റെ പ്രിയപ്പെട്ടനെ, വീണ്ടും ഞാൻ നിന്നോട് വിട പറയുന്നു. തുറന്ന ശവക്കുഴിക്ക് മുകളിൽ ഇങ്ങനെ നിൽക്കാൻ ഒരമ്മയ്ക്കും ഇടവരാതിരിക്കട്ടെ. അത് ഒരു തകർന്ന അവസ്ഥയാണ്. എന്റെ ഹൃദയത്തിനു അത് എങ്ങനെ താങ്ങണം എന്ന് അറിയില്ല,” സർഫാത്തിയുടെ അമ്മ റേച്ചൽ അവന്റെ കല്ലറയിൽ നിന്നുകൊണ്ട് വീണ്ടും തന്റെ മകനോട് യാത്ര പറഞ്ഞത് ഇപ്രകാരമായിരുന്നു.
“തട്ടിക്കൊണ്ടുപോയി അപമാനിച്ചവർ സാർഫാത്തിയെ കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹങ്ങൾ കളിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഈ ഭീകരതയ്ക്കിടയിൽ, അവന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഒടുവിൽ വീട്ടിലേക്ക് മടക്കി നൽകി. ഭാഗീകമായിട്ടാണെങ്കിലും അവൻ പുണ്യഭൂമിയിലേക്ക് മടങ്ങിയെന്ന ആശ്വാസമുണ്ട്,” അവർ പറയുന്നു.
“ഞങ്ങൾ അവസാനമായാണ് ഇവിടേയ്ക്ക് വരുന്നത് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” വ്യാഴാഴ്ച നടന്ന ചടങ്ങിൽ സാർഫാത്തിയുടെ പിതാവ് ഹനാൻ പറഞ്ഞു.
“എന്റെ സുന്ദരനായ മകനേ, വീരനായ സാംസണെപ്പോലെ, നമ്മുടെ ജനങ്ങൾക്കുവേണ്ടി പോരാടിക്കൊണ്ട്, വിയർക്കുന്ന നീന്നെ ഞാൻ സ്വപ്നം കണ്ടു. ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു. അവർ നിന്നെ തട്ടിക്കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് ക്ഷമ. നിന്നെ സംരക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടതിന് ക്ഷമ,” അദ്ദേഹം വേദനയോടെ പറയുന്നു.
“മൂന്നാം തവണയും എങ്ങനെ എന്റെ സഹോദരനോട് വിടപറയണമെന്നു എനിക്കറിയില്ല. തീവ്രവാദികളോട് ഒറ്റയ്ക്ക് പോരാടാൻ പോയതിൽ എനിക്ക് ഖേദമുണ്ട്. ഇങ്ങനെ അവസാനിച്ചതിൽ, നിന്നെ വേദനിപ്പിച്ചതിൽ, ഇങ്ങനെ അപമാനിക്കപ്പെട്ടതിൽ എനിക്ക് ഖേദമുണ്ട്. രണ്ട് വർഷമായി നീ ഇതുപോലെ അന്ത്യവിശ്രമം കൊള്ളാത്തതിൽ എനിക്ക് ഖേദമുണ്ട്. ഇത്രയും സമയമെടുത്തതിൽ എനിക്ക് ഖേദമുണ്ട്,” സാർഫാത്തിയുടെ സഹോദരി ഷോവൽ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി, 738 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം 20 ബന്ദികളെ മോചിപ്പിച്ചിരുന്നു. ബന്ദികളുടെ രണ്ട് മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് കൈമാറുമെന്ന് ഹമാസ് വ്യാഴാഴ്ച അറിയിച്ചു.



