ലോകമെമ്പാടുമുള്ള  കുട്ടികളിലെ ഗുരുതരമായ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച ജീവൻരക്ഷാ ആഹാരം  (റെഡി-ടു-യൂസ് തെറാപ്പ്യൂട്ടിക് ഫുഡ് – RUTF) വിതരണം ചെയ്യുന്നത് തങ്ങൾ ആരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണെന്നും, എന്നാൽ, ഇപ്പോഴും കോടിക്കണക്കിന് കുട്ടികൾക്ക് ഇത്തരം സേവനങ്ങൾ ഇനിയും പൂർണ്ണമായ തോതിൽ ലഭ്യമാകുന്നില്ലെന്നും യൂണിസെഫ്. മെയ് അഞ്ചാം തീയതി ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കുട്ടികൾ നേരിടുന്ന കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ച് ഈ ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.

യൂണിസെഫിന്റെ കണക്കുകൾ പ്രകാരം, ലോകത്ത് 42.8 മില്യൺ കുട്ടികൾ തീവ്ര പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇവരിൽ 12.2 മില്യൺ കുട്ടികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ജീവൻ രക്ഷയ്ക്കുതകുന്ന പോഷകാഹാരത്തിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നത് ഏറെ പ്രാധാനപ്പെട്ടതാണെന്നു സംഘടന മുന്നറിയിപ്പ് നൽകി.

“പോഷകസമൃദ്ധമായ ഈ ചികിത്സാ ഭക്ഷണം കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്നു യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വ്യക്തമാക്കി.  “ഈ ആഹാരം കഴിക്കുന്ന കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് തന്നെ തങ്ങളുടെ കുട്ടികളുടെ  ആരോഗ്യപ്രശ്നങ്ങൾ  ഇതു വഴി കൈകാര്യം സാധിക്കുന്നുവെന്നും” അവർ കൂട്ടിച്ചേർത്തു. കടലപരിപ്പ്, പാൽപ്പൊടി, എണ്ണ, പഞ്ചസാര, വിറ്റാമിനുകൾ ധാതുക്കൾ തുടങ്ങിയവ ചേർന്നതാണ് ഈ ചികിത്സാ ഭക്ഷണം. വെള്ളം ചേർക്കാത്തതിനാൽ, ഇത് ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പമാണ്. “വിഭവസമൃദ്ധമായ ഈ  ലോകത്ത് ഒരു കുട്ടിയും പോഷകാഹാരക്കുറവുകൊണ്ട് മരിക്കാൻ ഇടവരതിരിക്കട്ടെയെന്ന്” യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ  ആശംസിച്ചു.

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഈ പോഷകാഹാര പദ്ധതി, 1996 മുതൽ  ആശുപത്രികളിലൂടെ അല്ലാതെ വീടുകളിൽ തന്നെ കുട്ടികൾക്ക് ചികിത്സാ ലഭ്യമാക്കുന്നതിലൂടെ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഏറ്റവും കൂടുതൽ പോഷകാഹാരം വിതരണം ചെയ്യുന്ന രാജ്യമായ എത്യോപ്യയിൽ വർഷം തോറും കുറഞ്ഞത് അഞ്ച്  ലക്ഷം കുട്ടികൾക്ക് ചികിത്സ ലഭിക്കുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ പന്ത്രണ്ട് മടങ്ങ് കൂടുതൽ മരണസാധ്യതയുള്ളതിനാൽ, ജീവൻ രക്ഷയ്ക്കുള്ള ഈ പോഷകാഹാരവിതരണം പോലുള്ള ചികിത്സാ മാർഗങ്ങളുടെ പ്രാധാന്യം വളെരെ വലുതാണെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു. മുപ്പത് വർഷങ്ങളുടെ ഈ നേട്ടത്തിനൊപ്പം, എല്ലാ കുട്ടികൾക്കും ആവശ്യമായ ചികിത്സാ ഭക്ഷണം തടസ്സമില്ലാതെ ലഭ്യമാക്കാൻ കൂടുതൽ നിക്ഷേപവും സഹകരണവും അനിവാര്യമാണെന്ന് സംഘടന ഓർമ്മപ്പെടുത്തുന്നു.