കോട്ടയം: ആവോളം അനുഭവസമ്പത്തുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭാ സ്പീക്കറാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തവണ വിജയിച്ചപ്പോള്‍ കോട്ടയം നഗരമധ്യത്തില്‍ ഉയര്‍ന്ന ബോര്‍ഡില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. “കോട്ടയത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി- എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്’’.
കോട്ടയത്തിന്റെ ഹൃദയപക്ഷമായി മാറിയിരിക്കുകയാണ് ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. ബാലജനസഖ്യം, കെഎസ്യു തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തി. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റ്, 1969ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1971ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചാണു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃനിരയിലേക്ക് എത്തിയത്.
1974-77 കാലഘട്ടത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ്, 1978-82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 1982-84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, 1984-2001 വരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു മികച്ച സംഘാടകനായി നേതൃപാടവം തെളിയിച്ചു.
1986- മുതല്‍ 1996 വരെ കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സിന്‍ഡിക്കറ്റംഗമായിരുന്നു. 1991 ല്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തുടര്‍ന്നു വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അടൂരില്‍നിന്നു തന്നെ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. ഓരോ തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. 1991ല്‍ 5,767 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കില്‍ നാലാം തവണ 2006 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 18,464 ലേക്ക് ഉയര്‍ന്നിരുന്നു. 2011 ല്‍ അടൂരിനെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതോടെ കോട്ടയം മണ്ഡലം തട്ടകമാക്കി.
20 വര്‍ഷം അടൂരിന്റെ പ്രതിനിധിയായാണ് നിയമസഭയിലെത്തിയതെങ്കിലും ജന്മനാടായ കോട്ടയത്തോടുള്ള ആത്മബന്ധം എന്നും നിലനിര്‍ത്തിയിരുന്നു. 2011 ല്‍ കോട്ടയത്തുനിന്ന് 711 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പക്ഷേ, 2016 ലെ തെരഞ്ഞെടുപ്പുഫലം എല്ലാവരെയും ഞെട്ടിച്ചു.
ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് എത്തിയ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. 2016 ലെ ഭൂരിപക്ഷം 33,632 വോട്ടായാണ് വര്‍ധിപ്പിച്ചത്.
2004-2006 വര്‍ഷങ്ങളില്‍ ജലസേചനം, വനം, ആരോഗ്യം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2011-16 കാലത്ത് റവന്യു, ആഭ്യന്തരം, വിജിലന്‍സ്, വനം-പരിസ്ഥിതി, ഗതാഗതം, സ്പോര്‍ട്സ്, സിനിമ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത് ഏത് വകുപ്പും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഈ കാലയളവിലാണ് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നത്.
കോട്ടയം എംടി സെമിനാരി സ്കൂളില്‍ നിന്ന് എസ്എസ്എല്‍സിയും കോട്ടയം ബസേലിയസ് കോളജില്‍നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും നേടി. 1949 ഡിസംബര്‍ 26നു ജനിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മാതാപിതാക്കള്‍ കെ.പി. പരമേശ്വരന് പിള്ളയും ഗൗരിക്കുട്ടിയമ്മയുമാണ്. ഭാര്യ ലളിതാംബിക , ഡോ. അനുപം രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന് എന്നിവരാണ് മക്കള്‍.
ചവറയുടെ പുത്രൻ
ചവറയെ സ്നേഹിച്ച്, പിതാവ് ബേബി ജോണിന്റെ പാത പിന്തുടര്ന്ന് ഷിബു ബേബിജോണ്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. രണ്ടാം തവണയാണ് ചവറയെ പ്രതിനിധീകരിക്കുന്നത്.
മത്സരിക്കുന്നെങ്കില്‍ ചവറയില്‍ നിന്നായിരിക്കുമെന്ന് ഷിബു ബേബിജോണ്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനു മുൻപേ പരസ്യപ്രസ്താവന നടത്തിയിരുന്നു. തീരദേശ മേഖലയായ ചവറയുമായുള്ള ആത്മബന്ധമാണ് അതിനു കാരണം.
തോറ്റും ജയിച്ചും ചവറയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയ ഷിബു ഇക്കുറി വലിയ ഭൂരിപക്ഷത്തിലാണ് മന്ത്രി പദത്തിലേക്കു കടക്കുന്നത്. ചവറയുമായുള്ള ആത്മബന്ധമായിരുന്നു പ്രധാന പ്രചാരണായുധം. 2001ല്‍ ആര്‍എസ്പി -ബി(റവല്യൂഷണറി സോഷ്യലിസ്റ്റ് -ബി )രൂപീകരിച്ചാണ് ആദ്യമായി ചവറയില്‍ അങ്കത്തിനിറങ്ങിയത്. ആര്‍എസ്പി സ്ഥാനാര്‍ഥിയായിരുന്ന വി.പി.രാമകൃഷ്ണപിള്ളയ്ക്കെതിരേ അട്ടിമറിവിജയം നേടി.
2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. 2011ല്‍ വീണ്ടും പ്രേമചന്ദ്രനോട് ഏറ്റുമുട്ടി 6061 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറി യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായി. 2014 ല്‍ ആര്എസ്പിയില് ഷിബുവിന്റെ പാര്‍ട്ടി ലയിച്ചു. 2016ല്‍ എല്‍ഡിഎഫിന്റെ എന്‍. വിജയന്‍പിള്ളയോടും 2021ല്‍ മകന് ഡോ. സുജിത്ത് വിജയന് പിള്ളയോടും ഏറ്റുമുട്ടി പരാജയപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷക്കാലം ജനപ്രതിനിധിയല്ലാതെ പാര്‍ട്ടിക്കാരനായി മാത്രം പ്രവര്‍ത്തിക്കുമ്പോഴും ചവറ തിരിച്ചുപിടിക്കാനുള്ള കളമൊരുക്കുകയായിരുന്നു.
പിതാവ് മുന്‍ മന്ത്രി ബേബിജോണിന്റെ വഴിയിലൂടെ ആര്‍എസ്പിയിലെത്തിയ ഷിബു ബേബിജോണ്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി. കഴിഞ്ഞ തവണ 1096 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഷിബു ഇക്കുറി 18,573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 62 വയസുണ്ട്. ഭാര്യ ആനി അധ്യാപികയാണ്. അച്ചു ബേബിജോണ്‍, അമര്‍ സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ മക്കള്‍. നികിത മരുമകളാണ്.
സാധാരണക്കാരന്റെ മനസറിഞ്ഞ് ലിജു
ആലപ്പുഴ: ഹരിപ്പാട് ആനാരിയിലെ മീനത്തേതില്‍ വീട്ടിൽ പോലീസ് കോണ്‍സ്റ്റബിളായി വിരമിച്ച എം. മോഹന്‍ലാലിന്റെയും ചന്ദ്രികയുടെയും മകനായ ലിജു, സാധാരണ കുടുംബത്തിന്റെ പരിമിതികളില്‍ നിന്നാണ് വളര്‍ന്നത്.
സ്വന്തം പഠനച്ചെലവുകള്‍ക്കായി ട്യൂഷനെടുത്തും അധ്വാനിച്ചുമാണ് അദ്ദേഹം മുന്നേറിയത്. ഫിസിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അഭിഭാഷകനായി. പുസ്തകവായനയും ചരിത്രബോധവും കൈമുതലാക്കിയ ലിജു, രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനം നല്കുന്ന വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്.
1994 ല്‍ സ്കൂള്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റായാണ് ലിജുവിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് വഴി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം, പിന്നീട് ദേശീയ ജനറല്‍ സെക്രട്ടറിയായും ഉയര്‍ന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.
നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും രാഷ്ട്രീയ കാര്യസമിതി അംഗവുമാണ്. കായംകുളത്തു നിന്ന് നിയമസഭയിലേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് നൂറിലധികം പ്രവാസികളെ സൗജന്യമായി അദ്ദേഹം നാട്ടിലെത്തിച്ചതും ബംഗളൂ രുവിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ഥികളെ ഡി.കെ. ശിവകുമാറുമായി സഹകരിച്ച് സുരക്ഷിതമായി നാട്ടിലെത്തിച്ചതും ലിജുവിലെ നേതാവിന്റെ കരുതല്‍ തെളിയിക്കുന്നു. ഭാര്യ: അമ്പിളി ലിജു. ഗാര്‍ഗി പ്രിയദര്‍ശിനി, ഗഗന പ്രിയദര്‍ശിനി എന്നിവര്‍ മക്കളാണ്.
ഷാനിമോൾക്ക് പുതിയ ദൗത്യം
ആലപ്പുഴ: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാകുന്ന ഷാനിമോള്‍ ഉസ്മാന് കേരളത്തില്‍ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ്.
2019 മുതല്‍ 2021 മേയ് വരെ അരൂര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു.
ആലപ്പുഴയുടെ അതിർത്തിഗ്രാമമായ അരൂരില്‍നിന്ന് രണ്ടാം വിജയം. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കല്‍ ഇബ്രാഹിം കുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി.
തിരുവനന്തപുരം ലൊയോള കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എല്‍എല്‍ബി പാസായത്. അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു.
2019 ല്‍ അരൂരില്‍ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ 1955 വോട്ടിനു ജയിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയര്പേഴ്സന്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം,കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭര്‍ത്താവ്: എ. മുഹമ്മദ് ഉസ്മാന്, മക്കള്‍: ആസിയ തമീം ഉസ്മാന്, അഡ്വ. അലിഫ് സത്താര്‍ ഉസ്മാന്. മരുമകന്: ഷനാസ് ഷാജഹാന്. കൊച്ചുമകന്: മൗറിവ് കയില്.
കളമശേരി അന്നുമിന്നും മന്ത്രിമണ്ഡലം
കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുശേഷം എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിന് ഒരു മന്ത്രിയെക്കൂടി ലഭിച്ചിരിക്കുകയാണ്, അദ്ദേഹത്തിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിലൂടെ. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ കളമശേരി മണ്ഡലത്തിൽനിന്നുതന്നെയായിരുന്നു ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവ് ജയിച്ചത്.
ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ അദ്ദേഹത്തെ 16,312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അബ്ദുള്‍ ഗഫൂർ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം തിരിച്ചുപിടിച്ചത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഗഫൂറിനു ലഭിച്ചത്. 2021 ല്‍ അബ്ദുള്‍ ഗഫൂര്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 15,336 വോട്ടിന് പി.രാജീവിനോട് തോല്‍ക്കുകയാണുണ്ടായത്.
ആലങ്ങാട് കോങ്ങോര്പ്പിള്ളിയില് പരേതനായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്തമകനാണ് അബ്ദുള്‍ ഗഫൂര്‍. പഠനകാലത്ത് ക്രിക്കറ്റ് കളിയില്‍ സജീവമായിരുന്നു. സംസ്ഥാന അണ്ടര്‍16 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രിയും തിരുവനന്തപുരം കേരള ലോ അക്കാഡമിയില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. 2000ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. എംഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ അബ്ദുള്‍ ഗഫൂര്‍ നിലവില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. തൊഴിലാളി സംഘടനാരംഗത്തും സജീവം.
സൗജന്യ ഡയാലിസിസും വൈദ്യപരിശോധനയും നല്കുന്ന കളമശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമാണ്. ഭാര്യ: ദിലാര. മക്കള്‍: റിദ, വസിം, റയ.
കന്നിയങ്കത്തിൽ മിന്നലായി; സർപ്രൈസ് എൻട്രി
തൃശൂർ: കനൽവഴികൾ താണ്ടിയ കരുത്തുമായി കന്നിയങ്കത്തിൽ ജയിച്ചുകയറിയ ഒ.ജെ. ജനീഷ് തൃശൂർ ജില്ലയിലെ ഏക മന്ത്രി. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി തൃശൂരിനു മന്ത്രിയുണ്ടാകില്ലെന്ന ആശങ്കയ്ക്കിടെയാണ് ജനീഷിന്റെ സർപ്രൈസ് എൻട്രി.
പത്തുവർഷം ഇടതിനു വൻ ഭൂരിപക്ഷം നൽകിയ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെയാണ് മലർത്തിയടിച്ചത്. അവസാന ഘട്ടത്തിലാണ് ജനീഷിനെത്തേടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയും എത്തിയത്. വി.എം. സുധീരൻ തൃശൂരിൽനിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അരനൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷ് അധ്യക്ഷനായത്.
കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടിനിന്നാണ് പിറന്ന നാട്ടിൽ ജനീഷ് പൊതുപ്രവർത്തകനായത്. പോളിടെക്നിക് പഠനകാലത്ത് അച്ഛൻ മരിച്ചു. അമ്മ പുഷ്പയുടെ തൊഴിലുറപ്പുജോലിയായിരുന്നു ഏക വരുമാനം. പഠനച്ചെലവുകൾക്കു പണം കണ്ടെത്തിയത് പാർട്ട് ടൈം ജോലികൾ ചെയ്ത്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ മൂന്നുവരെ വ്യവസായസ്ഥാപനത്തിൽ ജോലി ചെയ്തു.
ഉറക്കമില്ലാതെ ആരോഗ്യം നശിച്ചതോടെ പെരുന്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തകക്കടയിൽ വൈകുന്നേരം സെയിൽസ്മാനായി. ശനി, ഞായർ ദിവസങ്ങളിൽ ആലുവയിലെ ഇന്റർനെറ്റ് കഫെയിൽ സഹായിയായി. സൈക്കിൾകടയിലെ സെയിൽസ്മാൻ മുതൽ സെക്യൂരിറ്റിക്കാരൻ വരെയായി. എൽഎൽഎബിയെന്ന മോഹവും സാധിച്ചത് ഈ ജോലികൾക്കിടെയാണ്. ജനീഷിനു മത്സരിക്കാനുള്ള പണം നൽകിയത് അമ്മയുടെ കൂടെ ജോലിചെയ്ത കൂട്ടുകാരികൾ ചേർന്നാണ്.
വിദ്യാർഥി കാലംമുതൽ കൊടുങ്ങല്ലൂരിനു സുപരിചിതനാണു ജനീഷ്. യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരേയടക്കം നടത്തിയ സമരങ്ങൾ ജനീഷിനെ നേതാവാക്കി ഉയർത്തി. വിവിധ സമരങ്ങളിലായി എഴുപതോളം കേസുകൾ. പാസ്പോർട്ട് തടഞ്ഞതടക്കമുള്ള വെല്ലുവിളികളും നേരിടുന്നു.
കുഴൂരിൽ ഓടാശേരി ജനരഞ്ജൻ- പുഷ്പ ദന്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. കുഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസ്, പെരുന്പാവൂർ ഗവണ്മെന്റ് പോളിടെക്നിക്ക് എന്നിവിടങ്ങളിൽ പഠനം. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ.
2019ൽ തൃശൂർ ഗവ. ലോ കോളജിൽനിന്ന് എൽഎൽബി. ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂണിയറായും പ്രവർത്തിച്ചു.
കെഎസ് യുവിലൂടെയാണു രാഷ്ട്രീയപ്രവേശം. പെരുന്പാവൂർ പോളിടെക്നിക്കിൽ യൂണിറ്റ് പ്രസിന്റ്, 2007ൽ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012 തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, 2017ൽ ജില്ലാ പ്രസിഡന്റ് പദവികളിലെത്തി. 2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, 2020-23വരെ തൃശൂർ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.അഭിഭാഷകയായ ശ്രീലക്ഷ്മിയാണു ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
ചീഫ് വിപ്പായി അപു
തൊടുപുഴ: ഇടുക്കിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ജില്ലയ്ക്ക് തിളക്കമായി അപു ജോണ്‍ ജോസഫിന് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം.പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന പി.ജെ.ജോസഫിന് മകനായ ജയിച്ച അപു ജോണ്‍ ജോസഫ് കന്നിയങ്കത്തില്‍ വിജയം നേടിയാണ് കാബിനറ്റ് പദവിയിലേക്കെത്തുന്നത്.
പി.ജെ. ജോസഫിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം കേരള കോണ്‍ ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. പിതാവിനു നല്കിയ അതേ സ്നേഹം നല്‍കിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മകനെയും വരവേറ്റത്.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,291 വോട്ടിനാണ് കന്നിയങ്കത്തില്‍ കേരള കോണ്‍ഗ്രസിലെ എമ്മിലെ സിറിയക് ചാഴികാടനെ തോല്‍പ്പിച്ച് ജയിച്ചു കയറിയത്. കേരളം കണ്ട മികച്ച മന്ത്രിമാരില്‍ ഒരാളായ പി.ജെ. ജോസഫിന്റെയും പരേതയായ ഡോ. ശാന്ത ജോസഫിന്റെയും മൂത്ത മകനായ അപു ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായിരുന്ന ഉയര്‍ന്ന ജോലിയില്‍നിന്നാണ് 2008-ല്‍ പൊതു രംഗത്തേയ്ക്ക് അപു ജോണ്‍ ജോസഫ് കാലെടുത്തു വച്ചത്. 2008 ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കാര്‍ഷികമേഖലയിലേക്കും ഗാന്ധിജി സ്റ്റഡി സെന്റര്‍, ജോക്കുട്ടന് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയിലൂടെ പൊതുപ്രവര്‍ത്തന മേഖലയിലേക്കും കാലെടുത്തു വച്ചു.
അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്കും പിന്നീട് ഹൈ പവര്‍ കമ്മിറ്റിയിലേക്കും തുടർന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും തെരഞ്ഞെടുത്തു.ഡോ.അനു ജോര്‍ജാണ് ഭാര്യ. ജോസഫ് പി.ജോണ്‍, ജോര്‍ജ് പി.ജോണ്‍ എന്നിവരാണ് മക്കള്‍.
സി.പി. ജോണ്‍ എന്നും എളിമയുടെ മുഖം
എന്നും എളിമയുടെ മുഖമാണ് ആദ്യമായി സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്ന സി.പി. ജോണ്‍.ആത്മബന്ധത്തിലൂടെ ആര്‍ജിച്ച ശക്തമായ ജനപിന്തുണയാണ് എന്നും അദ്ദേഹത്തിന്റെ കരുത്ത്. എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ശക്തമായ വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ അതിജീവിച്ചാണ് സി.പി. ജോണ്‍ തലസ്ഥാന നഗരിയില്‍ യുഡിഎഫ് പതാക പാറിച്ചത് എന്നതും ശ്രദ്ധേയം.
എല്‍ഡിഎഫിന്റെ പക്കല്നിന്നുമാണ് ജോണ്‍ മണ്ഡലം തിരികെപിടിച്ചത്. നഗര പ്രദേശത്തെ വോട്ടുകളും തീരമേഖലയിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകള്ക്കുമൊപ്പം പുതിയ വോട്ടുകളും യുവജനങ്ങളുടെ വോട്ടുകളും സമാഹരിക്കാനായത് അദ്ദേഹത്തെ അനായാസ വിജയത്തിലേക്കെത്തിച്ചു.
സിപിഎം സ്വതന്ത്രനും ചലച്ചിത്രതാരവുമായ സുധീര്‍ കരമനയെ 9,863 വോട്ടുകള്‍ക്കാണ് സി.പി. ജോണ്‍ പരാജയപ്പെടുത്തിയത്. ജോണ്‍ 45,586 വോട്ടുകള്‍ നേടിയപ്പോള്‍ സുധീറിന് നേടാനായത് 35,723 വോട്ടുകള്‍ മാത്രം. ബിജെപി സ്ഥാനാര്‍ഥി കരമന ജയന് 35,125 വോട്ടുകള്‍ നേടി. പ്രഗത്ഭനായ സംഘാടകനും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമെന്ന നിലയിലുള്ള പ്രതിച്ഛായയും അദ്ദേഹത്തിനു സഹായകമായി.







രാഷ്ട്രീയ രംഗത്ത് ഒപ്പമുണ്ടായിരുന്നവര്‍ പലരും വളരെ നേരത്തേതന്നെ നിയമസഭയിലും മന്ത്രിസഭയിലും എത്തിയെങ്കിലും കാത്തിരിക്കാനായിരുന്നു സി.പി. ജോണിന്റെ വിധി. 2011ല്‍ കുന്നംകുളത്ത് മത്സരിച്ചെങ്കിലും അപ്രതീക്ഷിതമായി പരാജയം നേരിട്ടു. 2016ല്‍ വീണ്ടും ജനവിധി തേടിയെങ്കിലും വിജച്ചില്ല. ഇടതു പശ്ചാത്തലമുള്ള യുഡിഎഫുകാരന്‍ എന്ന വിശേഷണമാണ് സി.പി.ജോണിന് ഏറെ ഇഷ്ടം. 1980-85 കാലത്ത് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷനായാണ് സംഘടനാരംഗത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലും സിന്‍ഡിക്കറ്റിലും പ്രവര്‍ത്തിച്ച അദ്ദേഹം സിപിഎമ്മില്‍ യുവനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സിഎംപി)യിലെത്തുന്നത്. നിലവില്‍ യുഡിഎഫ് സെക്രട്ടറിയും 2014 മുതല്‍ തുടര്‍ച്ചയായി സിഎംപി ജനറല്‍ സെക്രട്ടറിയുമാണ്. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു.
ഫിസിക്സിലും നിയമത്തിലും ബിരുദമുള്ള സി.പി. ജോണ്‍ എല്‍എല്‍എമ്മും നേടിയിട്ടുണ്ട്. മധ്യപ്രദേശ് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പരേതനായ സി.ഐ. പൗലോസിന്റെയും കുന്നംകുളം ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ റോസ പൗലോസിന്റെയും മകനാണ്. ഭാര്യ: അരുണ വര്‍ക്കി. മക്കള്‍: അപര്‍ണ ജോണ്‍, അഞ്ജന.



