ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിൽ, കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ.

തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജയത്തോടെ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ടൂർണമെന്‍റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ കിരീടസാധ്യതകൾ സജീവമാക്കി.