തലശേരി: കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തു.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ഹർജി ഇന്നു കോടതി പരിഗണിക്കും.
ജീവനൊടുക്കുന്നതിന് മുമ്പ് നിതിൻ രണ്ട് മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഇരുവരും ഹർജിയിൽ പറയുന്നു.
നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നു. പലതവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്. മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് തങ്ങളെ പ്രതി ചേർത്തിട്ടുള്ളതെന്നും ഇരുവരും ഹർജിയിൽ പറയുന്നു.



