റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യ്ക്കു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ പ്രൊ​ജ​ക്ടൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ മ​രി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി നി​ഷേ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ നി​ല​വി​ൽ അ​ൽ ഖ​ർ​ജി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ൽ ഖ​ർ​ജി​ൽ ഉ​ണ്ടാ​യ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​നും മ​രി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട സൗ​ദി അ​ധി​കൃ​ത​രു​മാ​യി എം​ബ​സി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എം​ബ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കൗ​ൺ​സി​ല​ർ (സി​ഡ​ബ്ല്യു) വൈ. ​സാ​ബി​ർ ഞാ​യ​റാ​ഴ്ച രാ​ത്രി അ​ൽ ഖ​ർ​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ പൗ​ര​നെ ക​ണ്ടെ​ന്നും എം​ബ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ച ഒ​രു സൈ​നി​ക പ്രൊ​ജ​ക്‌​ടൈ​ൽ മൂ​ലം ഇ​ന്ത്യ​ക്കാ​ര​നും ബം​ഗ്ലാ​ദേ​ശി പൗ​ര​നും കൊ​ല്ല​പ്പെ​ട്ട​താ​യി സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.