പാറ്റ്ന: അധികാരം ലക്ഷ്യമിട്ട് അസഖ്യം തവണ വിവിധ രാഷ്ട്രീയസഖ്യങ്ങൾക്കു രൂപംനൽകിയ ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിപദത്തിൽനിന്ന് പടിയിറങ്ങി.
കഴിഞ്ഞയാഴ്ച രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട 75 കാരനായ നിതീഷ് ഇന്നലെ ഗവർണർ സയ്യിദ് അത ഹസ്നൈന് രാജിക്കത്തു നൽകി.
ലോക്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയശേഷം സമൂഹമാധ്യമത്തിലൂടെ നിതീഷ് തന്നെയാണ് രാജിക്കാര്യം പരസ്യപ്പെടുത്തിയത്. ഇന്നലെ അവസാന മന്ത്രിസഭാ യോഗത്തിനുശേഷമാണ് നിതീഷും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജനതാദൾ (യു) ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ, മന്ത്രി വിജയ് ചൗധരി തുടങ്ങിയവർ ലോക്ഭവനിൽ എത്തിയത്.
മനസില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നതായും അത് നിറവേറ്റുന്നതിനാണ് രാജ്യസഭയിലേക്കു പോകുന്നതെന്നും പറഞ്ഞ നിതീഷ് പുതിയ സര്‍ക്കാരിനു പൂര്‍ണ സഹകരണവും ഉറപ്പ് നൽകി.
മകന് നിഷാന്ത് കുമാര്‍ അടുത്തിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇതോടെയാണ് നിതീഷിന്റെ പിന്വലിയല്. പുതിയ മന്ത്രിസഭയില്‍ നിഷാന്തിനെ ഉള്‍പ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്കുമുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്നലെയോടെ അതെല്ലാം കെട്ടടങ്ങി.



