അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22) ആണ് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഡൽഹിയിൽ വെച്ച് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശി ജയ് പ്രകാശ്, യു.പി സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജീവൻ ജോർജ്ജ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ഭീഷണിയും മാനസിക പീഡനവും:
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ‘ഇൻസ്റ്റാ പേ ലോൺ’ (Insta Pay Loan) എന്ന ആപ്പിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) 308 ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. 36 ശതമാനം ഉയർന്ന പലിശ നിരക്കിലാണ് നിതിന് ഈ ആപ്പ് വഴി 15,000 രൂപ വായ്പയായി നൽകിയിരുന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ തുക പലിശ സഹിതം തിരിച്ചുപിടിക്കുന്നതിനായി ലോൺ ആപ്പ് സംഘം ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം മാത്രം ഇൻസ്റ്റാ പേ ആപ്പിൽ നിന്ന് 98 ഭീഷണി കോളുകളും 9 വാട്സാപ്പ് സന്ദേശങ്ങളും ഫോണിലേക്ക് വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



