മുംബൈ: രാഷ്ട്രീയത്തിൽ പൂർണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് ഏറ്റവും മികച്ച നേതാവാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലഭാരതീയ മഹാനുഭവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. കുറുക്കുവഴികൾ സ്വീകരിച്ചല്ല, സത്യസന്ധതയോടെയും സമർപ്പണത്തോടെയും ജീവിക്കാൻ കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
സത്യസന്ധത, വിശ്വാസ്യത, സമർപ്പണം, തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ പുലർത്തണം. ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയം സത്യത്തിന്റേതാണ്. കുറുക്കുവഴികൾ പെട്ടെന്നുള്ള ഫലങ്ങൾ നൽകാം, പക്ഷേ, ദീർഘകാല വിശ്വാസ്യതയെ അത് ദുർബലപ്പെടുത്തുന്നു.
എന്തും നേടിയെടുക്കാൻ കുറുക്കുവഴിയുണ്ട്. കുറുക്കുവഴികളിലൂടെ ഒരു വ്യക്തി കൂടുതൽവേഗത്തിൽ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാനുഭവ വിഭാഗത്തിന്റെ സ്ഥാപകനായ ചക്രധർ സ്വാമിയുടെ ശിക്ഷണം എല്ലാവർക്കും അവരുടെ ജീവിതത്തിൽ പിന്തുടരാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.