ന്യൂഡൽഹി: ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാരെ രണ്ടുവർഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം. റോഡ് പുതുക്കിപ്പണിയുന്നതിൽ കമ്പനിയിൽനിന്ന് പൂർണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ് (എച്ച്.ഇ.സി) എന്നിവരെ രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തതായി മന്ത്രി അറിയിച്ചു. വിഷയത്തിൽ കരാറുകാർക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

മേയ് 19-നാണ് ദേശീയപാത 66-ന്റെ കൂരിയാട് മേഖലയിൽ ചില ഭാഗങ്ങൾ ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോർട്ട് അനുസരിച്ച് കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു.