നിപ(Nipah) സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ(Thiruvali) സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി. ആരോഗ്യ വകുപ്പ് സർവേയിലാണ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയത്. ഇന്നും സർവേ തുടരും.
അതേസമയം മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം സമ്പർക്ക പട്ടിക വിപുലമാക്കും. ജില്ലയില്‍ ഇതുവരെ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.



