തിരുവനന്തപുരം: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ.പോളിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച കെ.എ.പോളിന്റെ എക്സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതു വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിമിഷപ്രിയയുടെ പേരില്‍ കോടികള്‍ പിരിച്ചെടുക്കാനുള്ള ശ്രമമാണ് പോള്‍ നടത്തുന്നതെന്നാണ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്.