മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു. ജില്ലാ കളക്ടര്‍ വിആര്‍ വിനോദിൻ്റെ അധ്യക്ഷതയില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയോഗം ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം എല്ലാവരും പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 19ന് പോളിങ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുമണിവരെ നിജപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23 തിങ്കൾ രാവിലെ എട്ടുമണി മുതലായിരിക്കും.

വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ആവശ്യമുളള സമ്മതിദായകരില്‍ നിന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തി ഫോം 12 ഡി അപേക്ഷ സ്വീകരിക്കും. പൊതുസ്ഥലത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് ഒഴിവാക്കണം. ബൂത്ത് ലെവല്‍ ഏജൻ്റുമാരെ നിയമിച്ച് വിവരം തെരഞ്ഞെടുപ്പ് വിഭാഗത്തിന് നല്‍കണം.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതുമായി 25 വീതം നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റൻ്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട 25 വിഭാഗങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും.

മാന്‍പവര്‍ മാനേജ്‌മെൻ്റിൻ്റെ നോഡല്‍ ഓഫീസര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ട്രൈനിങ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍എയും പരാതി പരിഹാര- വോട്ടര്‍ ഹെല്‍പ് ലൈന്‍ നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍ആറും സ്വീപ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ഡിഎമ്മുമാണ്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ലോ ആന്‍ഡ് ഓര്‍ഡറിൻ്റെയും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഐടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റിയുടെയും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങിൻ്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീഡിയ ആന്‍ഡ് എംസിഎംസി യുടെയും അസിസ്റ്റൻ്റ് ഡയറക്ടര്‍ (എഡിസി) മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെയും നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും.

ഇവിഎം മാനേജ്‌മെൻ്റ്, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെൻ്റ്, ബാലറ്റ് പേപ്പര്‍- പോസ്റ്റല്‍ ബാലറ്റ്, വെബ് കാസ്റ്റിങ്, ഗ്രീന്‍ പ്രോട്ടോക്കോള്‍, പി ഡബ്ലിയു ഡി വോട്ടര്‍മാര്‍, കണ്‍ട്രോള്‍ റൂം, വിവിധ സാമഗ്രികളുടെ വിതരണം എന്നിവക്കെല്ലാം നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റൻ്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.