റാവല്‍പിണ്ടി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന്റെ വിജയം നേടിയിരിക്കുകയാണ്. ന്യൂസീലന്‍ഡിന്റെ തകര്‍പ്പന്‍ ജയം എന്നതിലുപരിയായി മറ്റ പല ടീമുകളുടേയും തലവര മാറ്റുന്ന മത്സരഫലം കൂടിയാണിത്. ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലേക്ക് മുന്നേറിയപ്പോള്‍ ബംഗ്ലാദേശിനൊപ്പം പാകിസ്താന്‍ പുറത്തേക്ക് പോയിരിക്കുകയാണ്.
പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയ നാണക്കേടാണിതെന്ന് നിസംശയം പറയാം. പാകിസ്താന്‍ ഇടവേളക്ക് ശേഷമാണ് ഐസിസി ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. ഇതില്‍ത്തന്നെ നാണംകെട്ട് സെമി പോലും കാണാതെ പാകിസ്താന് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയെ നാണംകെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ പാകിസ്താന്‍ ഒടുവില്‍ സെമി പോലും കാണാനെ നാട്ടില്‍ നാണംകെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് പാക് ടീമിനെതിരേ ഉയരുന്നത്.
പാകിസ്താനിലേക്ക് കളിക്കാനില്ലെന്ന് പറഞ്ഞ ഇന്ത്യയോട് പകരം വീട്ടാനിറങ്ങിയ പാകിസ്താന് ഒടുവില്‍ നാണംകെട്ട് മടങ്ങേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയോട് ദയനീയമായിരുന്നു പാകിസ്താന്റെ തോല്‍വി. ഒന്ന് പൊരുതാന്‍ പോലുമായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. വെറും അഞ്ച് ദിവസംകൊണ്ട് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മുഹമ്മദ് റിസ്വാന്‍ നായകനായപ്പോള്‍ പാകിസ്താന് പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ഇതും കാര്യമായി ഗുണം ചെയ്തില്ലെന്ന് പറയാം.
ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്താന്റെ ബൗളര്‍മാരൊന്നും നിലവാരം കാട്ടിയില്ല. ഹാരിസ് റഊഫും നസീം ഷായും ഷഹിന്‍ ഷാ അഫ്രീദിയുമെല്ലാം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരാണ്. എന്നാല്‍ സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഇവര്‍ക്ക് തിളങ്ങാനാവാത്തതാണ് പാകിസ്താനെ പിന്നോട്ടടിക്കുന്നത്. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പുറത്താകല്‍ പാകിസ്താന് വലിയ തിരിച്ചടിയാണെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ വരുന്ന ദിവസം പാകിസ്താന്‍ ടീമില്‍ കേള്‍ക്കാം. ബാബര്‍ അസമിനെ പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ സാധ്യത കൂടുതലാണ്. റിസ്വാന്റെ ക്യാപ്റ്റന്‍സിയും തെറിച്ചേക്കും.