ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 11 പേർ മരിക്കുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിലാസ്പൂർ-കാറ്റ്നി സെക്ഷനിലാണ് കൂട്ടിയിടി ഉണ്ടായത്. ഇതിനെ തുടർന്ന് ഒന്നിലധികം കോച്ചുകൾ പാളം തെറ്റുകയും റൂട്ടിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 

പ്രാഥമിക അന്വേഷണത്തിൽ മെമു ലോക്കൽ ട്രെയിൻ സിഗ്നൽ മറികടന്ന് ഗുഡ്‌സ് ട്രെയിനിന്റെ പിൻഭാഗത്ത് ഇടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഘാതം ഗുരുതരമായിരുന്നു, ഓവർഹെഡ് വയറുകൾക്കും സിഗ്നലിംഗ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ റെയിൽവേ രക്ഷാപ്രവർത്തകരും ആർപിഎഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സ്ഥലത്തെത്തി ദുരിതാശ്വാസ, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.