ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ ‘നൗറൂസ്’ പ്രമാണിച്ചാണ് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചത്. തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പുറത്തുവന്ന ഈ വീഡിയോയിൽ, ഇറാൻ ജനതയെ ‘ധീരർ’ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം വരാനിരിക്കുന്ന വർഷം അവർക്ക് സ്വാതന്ത്ര്യത്തിന്റേതാകട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ബുധനാഴ്ച ആഘോഷിക്കുന്ന പുരാതന ഇറാനിയൻ ഉത്സവമായ ‘ചാഹർഷാൻബെ സൂറി’യെക്കുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയം എന്ന ഇറാനിയൻ ജനതയുടെ പുരാതന വിശ്വാസത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ അവധിക്കാലത്തിന് പ്രത്യേക അർഥമുണ്ടെന്ന് വ്യക്തമാക്കിയ നെതന്യാഹു, ഇറാനിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ പുതിയൊരു തുടക്കം ആശംസിക്കുകയും ചെയ്തു. ഫാർസി ഭാഷയിൽ സബ്ടൈറ്റിലുകൾ നൽകിയാണ് ഇംഗ്ലീഷിലുള്ള ഈ വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.



