ഭൂമിക്കടിയിൽ കണ്ടെത്തിയ അസാധാരണമായ സ്പന്ദനത്തിന് പിന്നാലെ ശാസ്ത്രലോകം. സതാംപ്റ്റൺ സർവ്വകലാശാലയിലെ ഗവേഷകരാണ് ആഫ്രിക്കയ്ക്ക് താഴെ മൂന്ന് ഭൂഭാഗ ഫലകങ്ങൾ കൂടിച്ചേരുന്ന എത്യോപ്യയിലെ അഫാർ മേഖലയിലുണ്ടാകുന്ന സ്പന്ദനം തിരിച്ചറിഞ്ഞത്. മാഗ്മ (ദ്രവശില) ഭൂമിയുടെ പുറംതോടിൽ ആഞ്ഞടിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇത് ക്രമേണ ഭൂഖണ്ഡത്തെ വേർപെടുത്തുകയും ഒരു പുതിയ സമുദ്രം രൂപപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

ശാസ്ത്രജ്ഞർ അഫാർ മേഖലയിലെ 130-ലധികം അഗ്നിപർവ്വത പാറകളുടെ സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അവർ ഭൂമിയുടെ പുറന്തോടിന്റെയും മാന്റിലിന്റെയും ഘടനയെക്കുറിച്ച് പഠിക്കാൻ നിലവിലുള്ള ഡാറ്റയും നൂതന സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗും ഉപയോഗിച്ചു. അഫാറിന് താഴെയുള്ള മാന്റിൽ ഏകീകൃതമോ സ്ഥിരമോ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് സ്പന്ദിക്കുകയാണെന്നും സതാംപ്റ്റൺ സർവകലാശാലയിൽ ഗവേഷണം നടത്തുകയും സ്വാൻസീ സർവകലാശാലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. എമ്മ വാട്സ് പറയുന്നു.

ഹൃദയമിടിപ്പ് പോലെയാണ് സ്പന്ദനങ്ങളെന്ന് സതാംപ്റ്റൺ സർവകലാശാലയിലെ ഭൗമശാസ്ത്ര പ്രൊഫസറും പഠനത്തിൽ പങ്കാളിയുമായ ടോം ജെർനോൺ പറയുന്നു. നേച്ചർ ജിയോസയൻസ് ജേണലിൽ പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂഭാഗ ഫലകങ്ങൾ ആഴത്തിൽനിന്ന് ചൂടുള്ള വസ്തുക്കളുടെ മുകളിലേക്കുള്ള ഒഴുക്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഭൂഖണ്ഡം പിളരുമ്പോൾ ഒരു പുതിയ സമുദ്ര തടം രൂപപ്പെടും. ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് സമുദ്രത്തിന്റെ അടിത്തട്ട് വികസിക്കുന്നത് തുടർന്നുപോകും.

ഇത്തരം പ്രവാഹങ്ങളുടെ പരിണാമം മുകളിലുള്ള ഫലകങ്ങളുടെ ചലനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി സതാംപ്റ്റൺ സർവകലാശാലയിലെയും ഫ്ളോറൻസ് സർവ്വകലാശാലയിലെയും ഭൗമശാസ്ത്ര അസോസിയേറ്റ് പ്രൊഫസറും പഠനത്തിൽ പങ്കാളിയുമായ ഡോ. ഡെറക് കെയ്ർ പറയുന്നു. അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പം, ഭൂഖണ്ഡം വേർപെടുന്ന പ്രക്രിയ എന്നിവയ്ക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.