ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിർണായക നീക്കം. 2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായ ഡോക്ലാമിന് സമീപം ഭൂട്ടാനിൽ ഇന്ത്യ നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി പൂർത്തിയായി. ഇതോടെ ഡോക്ലാം പ്രവിശ്യയിലേക്ക് ഇന്ത്യയ്ക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്താനാകും. ഇതിന്റെ ഭാഗമായി ഭൂട്ടാനിൽ നിർമിച്ച റോഡിലൂടെ സാധനങ്ങൾ വേഗത്തിലെത്തിക്കുന്നതും സൈനിക നീക്കവും എളുപ്പത്തിൽ സാധ്യമാകും.
ഡോക്ലാമിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ്വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ഏകദേശം 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചിരിക്കുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രി തോബ്ഗേ ഷെറിങ് വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെ തദ്ദേശീയരെ സഹായിക്കുന്നതിനും ആവശ്യമെങ്കിൽ സുരക്ഷാസേനയുടെ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ഈ റോഡ് സഹായിക്കും.
ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ചുംബി താഴ്വരയിൽ ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാൻ സൈന്യത്തെ വേഗത്തിൽ ചുംബി താഴ്വരയ്ക്ക് സമീപമുള്ള അതിർത്തിയിലെത്തിക്കാൻ ഈ റോഡ് സഹായിക്കും. സാധനങ്ങളുടെ നീക്കത്തിനും ഇത് സഹായിക്കും. ഭൂട്ടാൻ ഇപ്പോൾ റോഡ് ഉപയോഗിക്കുമെങ്കിലും, ഭാവിയിൽ ആവശ്യമുണ്ടെങ്കിൽ ഇന്ത്യയ്ക്കും ഇത് പ്രയോജനപ്പെടും.
ചൈനയിൽ നിന്ന് തുടർച്ചയായി അതിർത്തി പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഭൂട്ടാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നാണ് ഭൂട്ടാൻ. 2017-ൽ ഡോക്ലാമിൽ ജംഫരി റിഡ്ജിനോട് ചേർന്ന് ചൈന റോഡ് നിർമിക്കാൻ ശ്രമിച്ചിരുന്നു. ഓപ്പറേഷൻ ജൂനിപർ നീക്കത്തിലൂടെ ഇന്ത്യ ഈ നിർമാണം തടഞ്ഞിരുന്നു. ഇന്ത്യൻ സൈന്യം ഡോക്ലാമിലേക്ക് പ്രവേശിച്ച് ചൈനീസ് സൈനികരെ തടയുകയായിരുന്നു. 72 ദിവസത്തോളം നീണ്ട സംഘർഷ സാഹചര്യത്തിനൊടുവിലാണ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത്.
ഇതോടെ ചൈന ഡോക്ലാമിൽ അടിസ്ഥാന സൗകര്യങ്ങളും ഹെലിപാഡുകളും നിർമിക്കുകയും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഭൂട്ടാന്റെ സമീപപ്രദേശമായ ഡോക്ലാം സിക്കിം, ഭൂട്ടാൻ, ടിബറ്റ് എന്നീ പ്രദേശങ്ങൾ കൂടിച്ചേരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്തിടെ ഭൂട്ടാൻ സന്ദർശിക്കുകയും ഹാ വാലി റോഡിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.