സാന്റാ ഫേ: ടെക്‌സാസിന് പിന്നാലെ ന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നല്‍ പ്രളയം. പ്രളയത്തില്‍ വീടുകള്‍ ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മിന്നല്‍ പ്രളയത്തില്‍ അപായമൊന്നുമുണ്ടായിട്ടില്ലെന്ന ആശ്വാസവും പുറത്ത് വരുന്നുണ്ട്. സുരക്ഷയ്ക്ക് വേണ്ടി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറി നില്‍ക്കാന്‍ ജനങ്ങളോട് ന്യൂ മെക്‌സിക്കോ സെനറ്റര്‍ മാര്‍ട്ടിന്‍ ഹെയ്ന്റിച്ച് അറിയിച്ചിട്ടുണ്ട്.

അപകടകരമായ സാഹചര്യമാണുള്ളതെന്ന് അല്‍ബുക്കര്‍ക്കിലെ ദേശീയ കാലാവസ്ഥാ സര്‍വീസ് (എന്‍ഡബ്ല്യുഎസ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത പ്രവാഹമുള്ളത് കൊണ്ട് പ്രളയജലത്തിലൂടെ വാഹനമോടിക്കരുതെന്നും എന്‍ഡബ്ല്യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പ്രദേശത്തൂടെ ഒഴുകുന്ന റിയോ റുയ്‌ഡൊസോ നദിയിലെ ജലനിരപ്പ് അരമണിക്കൂറിനുള്ളില്‍ 20 അടിയായി ഉയര്‍ന്നിട്ടുണ്ട്.

മിന്നല്‍പ്രളയം ബാധിച്ച സ്ഥലമടങ്ങുന്ന മാപ്പും എന്‍ഡബ്ല്യുഎസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ ഏഴ് ദിവസത്തിനുള്ളില്‍ മിന്നല്‍ പ്രളയമുണ്ടാകുന്ന മൂന്നാമത്തെ സ്ഥലമാണ് റുയ്‌ഡൊസോ. 100ലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്‌സാസിലെ മിന്നല്‍ പ്രളയത്തിന് പിന്നാലെ നോര്‍ത്ത് കരോലിനയിലും ദുരന്തമുണ്ടായിരുന്നു.