ശിശുക്കൾക്കുള്ള പോഷകാഹാര ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷവസ്‌തുക്കൾ ചില ബേബി ഫോർമുല ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി അടിയന്തര നടപടി സ്വീകരിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.
എസ്എംഎ ഇൻഫൻ്റ് ഫോർമുലയുടെയും ഫോളോ-ഓൺ ഫോർമുലയുടെയും പ്രത്യേക ബാച്ചുകൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് സുരക്ഷിതമല്ലെന്ന് നെസ്‌ലെ അറിയിച്ചു. ഈ ഉൽപ്പന്നങ്ങളിൽ സെറുലൈഡ് എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതാണ് വിപണിയിൽ നിന്ന് ഇവ നീക്കം ചെയ്യാൻ കാരണമായത്. പത്തോളം ഫാക്ടറികളിൽ നിന്നുള്ള എണ്ണൂറിലധികം ഉൽപ്പന്നങ്ങളെ ഈ നടപടി നേരിട്ട് ബാധിച്ചിട്ടുണ്ട്.
സെറുലൈഡ് എന്ന വിഷാംശം ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതുവരെ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നതെന്ന് നെസ്‌ലെ അധികൃതർ വിശദീകരിച്ചു.
യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 37 രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാനാണ് കമ്പനി നിർദ്ദേശം നൽകിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഹോങ്കോങ് മാത്രമാണ് നിലവിൽ ഈ പട്ടികയിലുള്ളത്. ഇന്ത്യൻ വിപണിയിൽ വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിലവിൽ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
നിലവിൽ ലഭ്യമായ പട്ടിക സമഗ്രമല്ലെന്നും വിവിധ രാജ്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും നെസ്‌ലെ അറിയിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി അനുസരിച്ച് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കേണ്ട രാജ്യങ്ങളുടെ പട്ടിക അപ്ഡേറ്റ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ഉപഭോക്താക്കൾ കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.



