2026-ലെ നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ പ്രധാന സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു.ലാത്തൂരിലെ ദയാനന്ദ് മെഡിക്കൽ കോളേജിലെ കെമിസ്ട്രി ലക്ചററായ പി.വി. കുൽക്കർണിയാണ് പൂനെയിൽ വച്ച് അറസ്റ്റിലായത്. ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു കുൽക്കർണി. 2024-ലെ അന്വേഷണത്തിൽ എൻടിഎയ്ക്ക് അകത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലായിരുന്നു അധികൃതർ എത്തിയതെങ്കിൽ, 2026-ലെ ഈ കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വിശ്വാസ്യതയെ തന്നെ ചോദ്യം തരത്തിൽ എൻടിഎയ്ക്ക് അകത്തുള്ള ആളുടെ പങ്ക് വ്യക്തമായിരിക്കുകയാണ്.
2026 ഏപ്രിലിലെ അവസാന വാരത്തിൽ കുൽക്കർണിയുടെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യമായ നീക്കങ്ങളാണ് സിബിഐ അന്വേഷണത്തിൽ പുറത്തുവന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിൽ അംഗമായിരുന്നതിനാൽ ലഭിച്ച ഔദ്യോഗിക അധികാരം ഉപയോഗിച്ച് ഇദ്ദേഹം ചോദ്യങ്ങൾ ചോർത്തിയതായാണ് വിവരം. മേയ് 14-ന് സിബിഐ പിടികൂടിയ മനീഷ വാഗ്മറെ എന്ന സഹായിയുടെ സഹായത്തോടെ തിരഞ്ഞെടുത്ത ഒരു കൂട്ടം വിദ്യാർത്ഥികളെ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. പുണെയിലെ തന്റെ സ്വകാര്യ വസതിയിൽ ഇദ്ദേഹം പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ വാങ്ങിയ ശേഷം ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ നോട്ടുബുക്കുകളിൽ ഇത് കുറിച്ചെടുത്തു. ഫോറൻസിക് പരിശോധനയിൽ ഈ നോട്ടുബുക്കുകളിലെ ചോദ്യങ്ങളും മേയ് 3-ന് നടന്ന നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യങ്ങളും പൂർണ്ണമായും ഒത്തുപോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.



