ന്യൂഡൽഹി: അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ ഓൺലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ച പോലുള്ള ക്രമക്കേടുകൾ തടയുന്നതിനായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പരീക്ഷാക്രമക്കേടുകൾക്ക് യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ പരീക്ഷകൾ തടസപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പുതിയ പരീക്ഷ തീയതി പ്രഖ്യാപിച്ചതായി അദ്ദേ​ഹം കൂട്ടിച്ചേർത്തു.

അടുത്ത ഒരു മാസത്തിനകം പുതുക്കിയ പരീക്ഷ നടക്കും. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും സീറോ ടോളറൻസ് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.

പരീക്ഷാ സംവിധാനത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എക്‌സാം മാഫിയകളും സാമൂഹ്യവിരുദ്ധർക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുകയും പരീക്ഷയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.