ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമാരമംഗലം സ്വദേശിയായ റിട്ട. ബാങ്ക് ജീവനക്കാരൻ ഇ.ബി. സിബി ആണ് മരിച്ചത്. കടയിൽ പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു സിബി. സംഭവസ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. റബർതോട്ടത്തിൽ നിർത്തിയിട്ട മാരുതി 800 കാറിനാണ് തീപിടിച്ചത്. തീ ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. അപകടകാരണം സംബന്ധിച്ചു വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണ ആരംഭിച്ചു.
കാറിനുള്ളിൽ പൂർണമായും കത്തിനശിച്ച നിലയിലാണ് മൃതദേഹം. അപകടത്തിന് മിനിറ്റുകൾക്ക് മുൻപ് സിബി കാറിൽ പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്നും ബന്ധു പറഞ്ഞു. കുമാരമംഗലം സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനാണ് സിബി. സംഭവസ്ഥലത്തുനിന്ന് നാല് കിലോമീറ്റർ മാത്രമാണ് സിബിയുടെ വീട്ടിലേക്കുള്ള ദൂരം.
അതിനിടെ, എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളിയിൽ ടിപ്പർലോറിക്ക് തീപിടിച്ചു. കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന് സമീപമാണ് സംഭവം. എം സാൻ്റ് കയറ്റിവന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ ലോറിക്ക് തീപിടിച്ചു. നാട്ടുകാർ ചേർന്ന് തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച കളമശേരി കുസാറ്റ് കാമ്പസിൽ നിർത്തിയിട്ടിരുന്ന ജാഗ്വാർ കാർ കത്തിനശിച്ചിരുന്നു.



