ലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോ​ഗ വാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു അദ്ദേഹം.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്ജ്വലനിലെ പ്രകടനത്തിലൂടെ ഏറെ പ്രശംസയേറ്റുവാങ്ങിയിട്ടുണ്ട് കലാഭവൻ നവാസ്. അമ്പരപ്പിക്കുന്ന വേഷപകർച്ചയിലൂടെ സിനിമാപ്രേമികളെ നവാസ് ഞെട്ടിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തിയത് കലാഭവൻ നവാസ് ആയിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്തത് നവാസാണെന്ന് ചിത്രം ഒടിടിയിലെത്തിയപ്പോഴാണ് പലർക്കും മനസിലായത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ-രാഹുൽ ജി. എന്നിവർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഡിറ്റക്ടീവ് ഉജ്ജ്വലൻ.

ഈ ചിത്രത്തിൽ നവാസിനൊപ്പം പ്രവർത്തിച്ച അനുഭവം സംഘട്ടന സംവിധായകനായ അഷ്റഫ് ​ഗുരുക്കൾ പങ്കുവെച്ചിരുന്നു. പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അഷ്റഫ് ​ഗുരുക്കൾ അന്ന് പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പൂർണരൂപം:

ഡിറ്റക്ടീവ് ഉജ്ജ്വലൻ റിലീസ് ആയപ്പോൾ കുറെ ആളുകൾ എന്നെ വിളിച്ചു, ആ സീൻ നവാസിന് ഡ്യൂപ്പ് ഇട്ടതാണോ എന്ന്! കലാഭവൻ നവാസിനെ മലയാള സിനിമ വേണ്ടുവോളം ഉപയോഗിച്ചില്ല എന്ന് തോന്നുന്നു!!!! അദ്ദേഹത്തെ കുറിച്ച് ഞാൻ എഴുതാതെ തന്നെ പ്രിയ പ്രേഷകർക്ക് അറിയാം. ഡിറ്റക്ടീവ് ഉജ്ജ്വലനിൽ ഒരു പാടത്തായിരുന്നു രാത്രി നവാസിനെ കൊല്ലുന്ന ആക്ഷൻ സീക്വൻസ്. റോപ്പിന്റെ സഹായത്താൽ ഷൂട്ട് ചെയ്യണം. പക്ഷെ.. അവിടെക്ക് ഇൻഡസ്ട്രിയൽ ക്രൈൻ വരില്ല!!!!! ചുറ്റും പാടം, നടുവിൽ പാറ. ആ പാറപ്പുറത്താണ് ഷൂട്ട്.

ജാവെദ് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ജാവേദിനോട് ഞാൻ പറഞ്ഞു ഒറ്റ മാർഗ്ഗം ഒള്ളു!!!! കലാ സംവിധായകൻ കോയാക്കാടെ വലിയ ഒരു സഹായം ഉണ്ടെങ്കിൽ ഞാൻ എടുത്തു തരാം.കോയക്കായുമായി സംസാരിച്ചു. റിസ്ക്കാണ് ചെയ്തേ പറ്റു കോയാക്ക എന്ന്. രജീഷും കൂട്ടരും കോയക്കേടെ സാനിദ്ധ്യത്തിൽ പണിതുടങ്ങി. നവാസ് മേക്കപ്പ് ചെയ്ത് എന്റെ അരികിൽ വന്നു. എനിക്ക് ആകെ ഒരു സംശയം. ലൈറ്റ്പ്പ് തുടങ്ങിയിട്ടേ ഉള്ളു കുറഞ്ഞ ഇരുട്ടും.

ഇത് നവാസാണോ? ഞാൻ മാറിനിന്ന് ജാവേദിനെ വിളിച്ചു. ഇത് നവാസാണോ എന്ന്!!! ജാവേദ് ചിരിച്ചിട്ട് അതേ ഇക്കാ എന്നും. ഞങ്ങൾ ട്രയൽ തുടങ്ങി. ഞാൻ എന്റെ ഫൈറ്ററേ പൊക്കി അടിച്ചു നവാസിനെ കാണിച്ചു. ഞാനും നവാസും കാലങ്ങളായിട്ടുള്ള ബന്ധം ആണ്. ഇക്കാ ഇത് ഡ്യൂപ്പ് ചെയ്താൽപ്പോരേ! ഏയ്,,,,,,നവാസ് ബായ് ചെയ്തോ പേടിക്കണ്ട എന്ന് ഞാനും. നവാസിന്റെ ആ പേടിച്ചുള്ള മുഖം മാറി, നിമിഷങ്ങൾക്കുള്ളിൽ കക്ഷി കാരക്റ്ററിലേക്ക് വന്നു..

റോൾ ക്യാമറ!!”
റോളിങ്!!!!!!!
ആക്ഷൻ…….. 
പക്കാ.

മലർന്നടിച്ചു പാറപ്പുറത്തു കിടക്കുന്ന നവാസിന്റെ അരികിലേക്ക് ഞാനും ഫൈറ്റേഴ്സും ഓടിയെത്തി. ഓക്കേ അല്ലെ ബായ്? ഷോട്ട് ഒക്കെ ആണോ ഇക്കാ എന്ന് നവാസ്. ഷോട്ട് ഓക്കേ എന്ന് ഞാനും സംവിധായകനും. നവാസിന് അതേ ഷോട്ട് ഒന്നുകൂടി വേണമെന്ന്. എങ്കിൽ ശരി ആ ഷോട്ട് ഓക്കേ വെച്ചോ നമുക്ക് ഒന്നുകൂടി പോകാം എന്നു ഞാനും.

ആദ്യ ഷോട്ടിലും ഗംഭീരം. നല്ലൊരു കൈയടിയും കിട്ടി നവാസിന്.