ന്യൂഡൽഹി: ഇന്ത്യയിലെ ബ്രാഹ്‌മണ സമൂഹം ഇന്ത്യന്‍ ജനതയില്‍ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുവെന്ന ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവോരോയുടെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ്. മുൻ എംപിയും പാർട്ടിയിലെ ദളിത് നേതാവുമായ ഉദിത് രാജ് ആണ് നവാരോയുടെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. നവരോ പറഞ്ഞത് ശരിയാണെന്നും ഇന്ത്യയിൽ കോർപ്പറേറ്റ് കമ്പനികളുടെ ഉടമകൾ ബ്രാഹ്മണരാണെന്നും ഉദിത് രാജ് പറഞ്ഞു.
പീറ്റര്‍ നവോരോ പറഞ്ഞത് ശരിയാണ്. ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികൾ എല്ലാം മേൽജാതിക്കാരാൽ നടത്തപ്പെടുന്നതാണ്. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, വലിയ വിലയ്ക്ക് ഇവിടെ വിൽക്കുന്നു. സാധാരണ ഇന്ത്യക്കാർക്ക് ഒരു പ്രയോജനവും ഇവിടെ ലഭിക്കുന്നില്ല’. ഉദിത് രാജ് പറഞ്ഞു. പിന്നാക്കജാതിക്കാർക്കും ദളിതർക്കും ഒരു കോർപ്പറേറ്റ് സ്ഥാപനം കെട്ടിപ്പടുക്കാൻ കുറഞ്ഞത് 100 വർഷം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേചനമാണ് ഇതിന് കാരണമെന്നും നവാരോ പറഞ്ഞത് സത്യമാണെന്നുംഉദിത് രാജ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവാരോയുടെ പരാമർശം. താരിഫ് വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കവെയായിരുന്നു പരാമർശം ഉണ്ടായത്. ‘ഇന്ത്യക്കാരില്‍ നിന്നും ഉന്നതകുല ജാതിയില്‍ ഉള്‍പ്പെട്ട ബ്രാഹ്‌മണ സമൂഹം വലിയ ലാഭമുണ്ടാക്കുകയാണ്. അത് നാം അവസാനിപ്പിക്കേണ്ടതുണ്ട്. മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്. എന്നിട്ടും പുടിനുമായും ഷി ജിന്‍പിങ്ങുമായും മോദി കൂട്ടുകൂടുന്നു. അതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല,’ നവോര വിമർശിച്ചിരുന്നു.