തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനം നടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയാസം അനുഭവപ്പെട്ടത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാർക്കാണ്. റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് മുതൽ, ഏറ്റവും ഒടുവിൽ റോഡ് മുറിച്ച് കടക്കാനുള്ള പ്രശ്നങ്ങൾ വരെ ഉന്നയിച്ച് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം നടന്നിരുന്നു.

 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തുമ്പോഴും പലയിടത്തും അടിപ്പാതകൾക്കും മറ്റുമായി പ്രതിഷേധം തുടരുകയാണ്. അതിനിടെ തിരുവനന്തപുരത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശങ്ങൾ മന്ത്രി ജിആർ അനിൽ സന്ദർശിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ജനങ്ങളോട് പറയുകയും ചെയ്തു.

കണിയാപുരം ജങ്ഷൻ്റെ ഘടന ഇതിനകം രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ ജങ്ഷനും കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്കും ഇടയിൽ എലിവേറ്റഡ് കോറിഡോർ അനുവദിക്കാൻ സാധിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിൽ കണിയാപുരം ബസ് ഡിപ്പോയ്ക്ക് മുന്നിൽ അടിപ്പാത അനുവദിച്ചിട്ടുണ്ട്.

ദേശീയപാത വികസന പ്രവർത്തികൾക്കായി പള്ളിപ്പുറം – അണ്ടൂർക്കോണം – പോത്തൻകോട് റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിയ്ക്കുന്ന ജനകീയ കൂട്ടായ്മ പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. അവിടെ അടിപ്പാത നിർമ്മാണം സാധ്യമല്ലെങ്കിലും സർവീസ് റോഡിൽ നിന്ന് മെയിൻ കാരിയേജ് റോഡിലേയ്ക്കുള ഗതാഗതം സുഗമമാക്കുന്നതിന് അണ്ടൂർക്കോണം ജങ്ഷന് സമീപം ഒരു പ്രവേശന – പുറത്തുകടക്കൽ സംവിധാനം ഒരുക്കി തദ്ദേശവാസികൾക്ക് സൗകര്യമൊരുക്കാനുള്ള സാധ്യത ദേശീയപാത അതോറിറ്റി അറിയിച്ചതായും മന്ത്രി പറഞ്ഞു.

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഹരികുമാർ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എംജലീൽ, സബ് കളക്ടർ ആല്‍ഫ്രഡ്‌ ഒവി, കൃഷി വികസന വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ദേശീയ പാത ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് പൊതുമരാമക്ക് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോഴിക്കോട് നവീകരിച്ച മുണ്ടോത്ത് – തെരുവത്ത്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചി, പൂനൂർ പാലങ്ങൾ, പത്തോളം റോഡുകൾ എന്നിവ 245 കോടി രൂപയോളം ചെലവഴിച്ചാണ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.